27.8 C
Kottayam
Tuesday, May 28, 2024

‘രാഷ്ട്രീയം ഫുൾടൈം ജോലി’ലോക്സഭയിലേക്കോ, നിയമസഭയിലേക്കോ? ശശി തരൂരിൻ്റെ മറുപടി

Must read

തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലാണോ നിയമസഭാ തെര‍ഞ്ഞെടുപ്പിലാണോ മത്സരിക്കുകയെന്ന ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ എംപി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് താൻ അല്ല തീരുമാനിക്കുന്നത്. പാർട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടത്. തന്നോടു അഭിപ്രായം തേടുമ്പോൾ അത് നൽകാം.

ഇനി അഭിപ്രായം തേടിയില്ലെങ്കിൽ അഭിപ്രായം അറിയിക്കാൻ വേറെ മാർഗങ്ങളുണ്ട്. രാഷ്ട്രീയമാണ് തന്റെ ഫുൾടൈം ജോലി. ജനങ്ങളെ സേവിക്കാനാണ് തൻ്റെ ആഗ്രഹം. നാടിന്റെയും രാജ്യത്തിൻ്റെയും ഭാവിയെക്കുറിച്ചു തനിക്ക് ചില ചിന്തകളുണ്ട്. ഇതൊക്കെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് സമയത്തു സംസാരിച്ചിട്ടുണ്ടെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മലബാർ പര്യടനം നന്നായിരുന്നു. പ്രൊഫഷണൽ പരിപാടികളിലടക്കം പങ്കെടുത്തു. തന്നെ ക്ഷണിച്ചിട്ടാണ് പരിപാടികളിൽ പങ്കെടുത്തത്. ഈ ക്ഷണം താൻ ഒഴിവാക്കണോ?. പാർട്ടിയുടെ നയങ്ങൾക്ക് എതിരായി താൻ പ്രവർത്തിക്കുന്നില്ല. എല്ലാ വർഷവും താൻ ഇതുപോലെയുള്ള പ്രസംഗങ്ങൾ നടത്താറുണ്ട്. താൻ എവിടെയെങ്കിലും പോയാൽ അതാത് ഡിസിസികളിൽ നിന്നും ക്ഷണമുണ്ടാകാറുണ്ട്.

മലബാർ ഭാഗത്തേക്ക് കുറേ കാലമായി താൻ ചെന്നിട്ടെന്നു എല്ലാവരും പരാതി പറഞ്ഞിരുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ സമയത്ത് കൂടുതൽ വിളികൾ വന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മലബാറിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഇതൊക്കെ വിവാദമാക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ല. രണ്ടു
കോൺഗ്രസ് എംപിമാർ കോൺഗ്രസിനു അനുകൂലമായ വേദിയിൽ സംസാരിക്കുന്നത് എന്തിനാണ് വിവാദമാക്കുന്നതെന്നും തരൂർ ചോദിച്ചു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് താൻ വിമാനത്തിൽ തിരിച്ചപ്പോൾ അതേ വിമാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉണ്ടായിരുന്നു. താൻ ഹലോ പറഞ്ഞു. പക്ഷേ ഞങ്ങളുടെ സീറ്റുകൾ അടുത്തല്ലായിരുന്നു. സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ശശി തരൂർ പറഞ്ഞു. തൻ്റെ ഭാഗത്ത് ഒരു തെറ്റിദ്ധാരണയും ഇല്ല. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തന്നെ സംസാരിക്കാൻ വിളിച്ചാൽ താൻ എത്തും. താൻ ഒരാളെയും ആക്ഷേപിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ 14 വർഷമായി തുടരുന്ന തനിക്ക് ഗ്രൂപ്പില്ല. ഒരു ഗ്രൂപ്പും താൻ ആരംഭിക്കാൻ പോകുന്നില്ല. തൻ്റെ മൂല്യങ്ങളിലും സംസാരത്തിലും ഒരിക്കലും മാറ്റം ഉണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

മന്നം ജയന്തിയിൽ പങ്കെടുക്കാൻ പോകുന്നതിനെ കുറിച്ചും തരൂർ പ്രതികരിച്ചു. എൻഎസ്എസുമായി നല്ലൊരു ബന്ധം സ്ഥാപിക്കുന്നതിൽ ആർക്കാണ് ദോഷം. തന്നെ ക്ഷണിച്ചപ്പോൾ അത് സ്വീകരിച്ചു. ജി സുകുമാരൻ നായർ താൻ ബഹുമാനിക്കുന്ന ഒരു സമുദായ നേതാവാണ്. എല്ലാ സമുദായ നേതാക്കളുമായും നല്ല ബന്ധം പുലർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week