KeralaNews

കടയ്ക്കല്‍ തിരുവാതിരയില്‍ ‘പുഷ്പനെ അറിയാമോ’ പാട്ട്, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം; വിമർശനം

കൊല്ലം: കടയ്ക്കല്‍ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വിമര്‍ശനം. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. ക്ഷേത്രത്തെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് വിമര്‍ശനം.

ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്വാശ്രയകോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ്, ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെട്ട പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാംദിവസമായ തിങ്കളാഴ്ച വൈകീട്ടായിരുന്നു അലോഷിയുടെ പരിപാടി.

സംഭവത്തില്‍ പരോക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് അവിടെപ്പോയി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. അമ്പലത്തിലെ പരിപാടിയില്‍ എന്തിനാണ് പുഷ്പനെ അറിയാമോ പാടുന്നത്? ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരളസദസ്സിന്റെ വേദിയുമായി ബന്ധപ്പെട്ട് ക്ഷേത്രം നേരത്തെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ചടയമംഗലം നിയോജകമണ്ഡലത്തിലെ സദസ്സിന്റെ വേദിയായി കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനമായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വേദി മാറ്റിയത്.

കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ ചക്കുവള്ളി ക്ഷേത്രമൈതാന വേദി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് മാറ്റമുണ്ടായത്. കടയ്ക്കലില്‍ ക്ഷേത്രമൈതാനം വിട്ടുകൊടുത്ത ദേവസ്വം ബോര്‍ഡ് തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മണ്ണൂര്‍ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker