കോട്ടയം: പൊലീസുകാരൻ പ്രതിയായ മാങ്ങാ മോഷണകേസ് ഒത്തുതീർപ്പാകുന്നു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നറിയിച്ച് കാഞ്ഞിരപ്പളളിയിലെ പഴകച്ചവടക്കാരൻ കാഞ്ഞിരപ്പളളി ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കേസ് കോടതി നാളെയാണ് വിധി പറയുക. സെപ്‌തംബർ 30നാണ് ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പി.വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ കടയിൽ കയറി മാമ്പഴം മോഷ്‌ടിച്ച് കടന്നത്. സംഭവം പുറത്തായതോടെ ഒളിവിൽ പോയ ഷിഹാബിനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
കിലോയ്‌ക്ക് 600 രൂപ വിലയുളള മാങ്ങ പത്തുകിലോയോളം ഷിഹാബ് മോഷ്‌ടിച്ചു. സ്ഥലത്തെ സിസിടിവി ക്യാമറയിൽ ഇത് വ്യക്തമായി പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒക്‌ടോബർ മൂന്നിന് ഷിബാബിനെ സസ്‌പെൻഡ് ചെയ്‌തു. പൊലീസ് അന്വേഷണരീതികളെക്കുറിച്ച് ധാരണയുളള ഇയാൾ തൃശൂർ,പാലക്കാട് അടക്കം ജില്ലകളിൽ പോയി എന്ന സൂചന മാത്രമാണ് പൊലീസിന് ലഭിച്ചത്.