പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കില്ല,വീണ്ടും നോട്ടീസ് നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ പോലീസ് സമീപിച്ചേക്കില്ല.തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച ശേഷം പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പി.സി.ജോര്‍ജ് ഹാജരായിരുന്നില്ല.
പകരം അദ്ദേഹം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതേ സമയം പി.സി.ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനം. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലാണ് കേസുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ താന്‍ തൃക്കാക്കരയില്‍ പ്രചാരണത്തിന് പോകുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായിതിനാലും ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലക്കും തൃക്കാക്കരയില്‍ പോകേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ഹാജരാകാന്‍ ആകില്ലെന്നും ചൂണ്ടിക്കാട്ടി പി.സി.ജോര്‍ജ് പോലീസിന് മറുപടി നല്‍കിയിരുന്നു.
തൃക്കാക്കരയില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളിലും ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. കൊച്ചിയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന് ഇതിനോടകം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.