കൊച്ചി: കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പോലീസ്. സിറ്റി, റൂറല്‍ ലിമിറ്റുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. നിര്‍ദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ബസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിച്ചു. വരുന്ന ഏഴ് ദിവസവും നിയന്ത്രണം കര്‍ശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.
ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനമായി ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടവും, പൊലീസും നിയന്ത്രണം ശക്തമാക്കിയത്. രാവിലെ മുതല്‍ നഗരമേഖലകളിലും, റൂറല്‍ ലിമിറ്റിലും പരിശോധന കര്‍ശനമാണ്. യാത്രക്കാരെ നിര്‍ത്തി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്ത് പിഴയിടാക്കി.
എറണാകുളത്ത് നിയമങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയിരുന്ന എയര്‍ഹോസ്റ്റസ് സ്ഥാപനത്തിന്റെ ഉടമയ്ക്കും അധ്യാപകര്‍ക്കുമെതിരെ കേസെടുത്തു. റൂറല്‍ ലിമിറ്റില്‍ റൂറല്‍ എസ്പി കാര്‍ത്തിക് ഐപിഎസിന്റെ നേതൃത്വത്തില്‍ ടൗണില്‍ പരിശോധന കര്‍ശനമാക്കി. ഇതരസംസ്ഥാന തൊഴിലാളി മേഖലകളിലടക്കം നിരീക്ഷണം ശക്തമാക്കിയതായി എസ്പി അറിയിച്ചു.
അതേസമയം എറണാകുളം ജില്ലയില്‍ വാക്സിന് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരം ഡോസ് വാക്സിന് മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ജില്ലയില്‍ 1022 ആശുപത്രി കിടക്കകള്‍ കൊവിഡ് പോസിറ്റീവായ രോഗികള്‍ക്കായി മാറ്റി. 3623 ഓക്സിജന്‍ കിടക്കകളും ജില്ലയില്‍ സജ്ജമാണ്. 314 ഇന്‍വസീവ് വെന്റിലേറ്ററും 146 നോണ്‍ ഇന്‍വസീവ് വെന്റിലേറ്റര്‍ സൗകര്യവും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/watch/?v=776208529932241