തിരുവനന്തപുരം: എന്‍.സി.പി നേതാവിനെതിരെ ഉയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടി. പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് കേസെടുക്കാന്‍ സാധിക്കുമോ എന്ന് നിയമോപദേശം തേടിയിരിക്കുന്നത്.
എന്‍.സി.പി നേതാവും കുണ്ടറയിലെ ഹോട്ടല്‍ ഉടമയുമായ പത്മാകരനെതിരെയാണ് പീഡനശ്രമ കേസ്. പത്മാകരന്‍ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 27ന് നല്‍കിയ പരാതി. സ്ത്രീ പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ മന്ത്രി സ്വന്തം ഫോണില്‍ സ്ത്രീയുടെ പിതാവിനെ വിളിച്ച് കേസ് നല്ല രീതിയില്‍ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം.
അതേസമയം ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. ആക്ഷേപങ്ങളില്‍ പരിശോധന വേണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് സിപിഎം നിലപാട്. കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയെ കണ്ട് ശശീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചതില്‍ മുഖ്യമന്ത്രിയുടെ വിലയിരുത്തലും സമാനമാണെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു. ഇരയുടെ പിതാവുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും വിലയിരുത്തല്‍.
എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തു. യുക്തിരഹിതമായ ദുര്‍ബലമായ വാദമാണ് മന്ത്രിയുടേതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി രാജിവച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്‌നം കൊണ്ടുവരും. പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ എത്തിയശേഷം സ്ത്രീകള്‍ക്കെതിരായ നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനെല്ലാം നിയമസഭയില്‍ പ്രതിപക്ഷം മറുപടി പറയിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.