KeralaNews

‘ഹൈടെക് കള്ളൻ, ബണ്ടി ചോർ അമ്പലപ്പുഴയിലെ ബാറിലെത്തി; വരവെന്തിന്? തിരച്ചിലാരംഭിച്ച് പോലീസ്

ആലപ്പുഴ: ബണ്ടി ചോർ എന്നു കുപ്രസിദ്ധനായ ദേവീന്ദർ സിങ് അമ്പലപ്പുഴയ്ക്കടുത്ത് നീർക്കുന്നത്തെ ബാറിൽ മദ്യപിക്കാനെത്തിയതായി സൂചന. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ഇയാൾ പോയിക്കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയവർ അമ്പലപ്പുഴ പോലീസിൽ വിളിച്ചറിയിച്ചത്. പോലീസെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു. അതിൽനിന്ന് ബണ്ടി ചോർ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി. ചൈത്രാ തെരേസ ജോൺ പറഞ്ഞു.

രാജ്യത്താകെ ഒട്ടേറെ കേസുകളുള്ള ഇയാൾ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയതാണ്. നീല ജീൻസും ടീ ഷർട്ടും ധരിച്ച് തോളിൽ സഞ്ചി തൂക്കിയാണ് ഇയാൾ ബാറിലെത്തിയത്.

മദ്യപിച്ചിരുന്ന രണ്ടുപേരോടു സംസാരിക്കുകയും ചെയ്തു. ഇയാൾ പോയിക്കഴിഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന മറ്റൊരാളാണ് ബണ്ടി ചോറുമായി സാദൃശ്യമുണ്ടെന്ന് സംശയം പറഞ്ഞത്. തുടർന്നാണ് പോലീസിൽ അറിയിച്ചത്.

രാത്രിതന്നെ ലോഡ്ജുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. തട്ടുകടയിൽ ഭക്ഷണം വാങ്ങാനെത്തിയെന്നും അമ്പലപ്പുഴ ക്ഷേത്രപരിസരത്തെത്തിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യമുൾപ്പെടെ നൽകി സാമൂഹികമാധ്യമങ്ങൾ വഴിയും പോലീസ് വ്യാപകമായ അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അമ്പലപ്പുഴ സ്റ്റേഷനിൽ അറിയിക്കാനാണ് അഭ്യർഥന.

വിദഗ്ധമായി മോഷ്ടിക്കാൻ കെൽപ്പുള്ള ഇയാൾ പുറത്തുള്ളത് പോലീസിനു തലവേദനയാണ്. ഇയാൾ സ്ഥലംവിട്ടോ ഇവിടെത്തന്നെയുണ്ടോ എന്നറിയാത്തതിനാൽ നാട്ടുകാരും ആശങ്കയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker