കോട്ടയം: മസ്‌ക്കറ്റിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ വിവാഹ മോചിതനാണെന്നു വിശ്വസിപ്പിച്ച് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ആഞ്ഞിലിത്താനം കുന്നന്താനം മുളക്കുടിയിൽ എം.എസ് സുധീഷിനെതിരെയാണ് കീഴ് വായ്പൂർ പൊലീസ് കേസെടുത്തത്.
വിദേശത്ത് ജോലി ചെയ്യുന്നതിനിടെ വിവാഹ മോചിതനാണെന്നും, വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്താണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. നിരന്തരമായി പീഡനം തുടരുകയും, വിവാഹത്തെപ്പറ്റി പറയുമ്പോൾ ഒഴിഞ്ഞു മാറുകയും ചെയ്യുകയായിരുന്നു. ഇതിനിടെ വിവാഹ ആവശ്യം യുവതി ശക്തമാക്കിയതോടെ പ്രതി നാട്ടിലേയ്ക്കു മുങ്ങുകയായിരുന്നു. ഇതേ തുടർന്ന് യുവതി മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും അടക്കം പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ് വായ്പൂർ പൊലീസ് യുവതിയുടെ മൊഴിയെടുത്ത ശേഷം പ്രതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
മസ്‌ക്കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് തൃക്കൊടിത്താനം ആഞ്ഞിലിത്താനം സ്വദേശിയായ സുധീഷ് യുവതിയെ പരിചയപ്പെടുന്നത്. താൻ വിവാഹ മോചിതനാണെന്നും, തന്റെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായെന്നും വിശ്വസിപ്പിച്ചാണ് പ്രതിയായ സുധീഷ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് നിരന്തരം യുവതിയെ മസ്‌ക്കറ്റിൽ തന്നെയുള്ള പല സ്ഥലങ്ങളിലും എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് യുവതിയിൽ നിന്നും ഇയാൾ പണവും തട്ടിയെടുത്തിരുന്നു.
ഇതിനിടെ യുവതി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരന്തരം ഉയർത്തിയതോടെ പ്രതിയായ സുധീഷ് വിദേശത്തു നിന്നും നാട്ടിലേയ്ക്കു മുങ്ങുകയായിരുന്നു. ഇതേ തുടർന്നു യുവതി നാട്ടിൽ അന്വേഷിച്ചപ്പോഴാണ് സുധീഷ് മറ്റൊരു വിവാഹം കഴിച്ചതാണെന്നും, ഇയാളുടെ ഭാര്യ അയർലൻഡിലാണ് എന്നും കണ്ടെത്തിയത്. ഇതിനിടെ യുവതിയും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ ഇയാൾ ഭാര്യയ്ക്കൊപ്പം അയർലൻഡിലേയ്ക്കു കടക്കാൻ ശ്രമം ആരംഭിച്ചതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് യുവതി മുഖ്യമന്ത്രിയ്ക്കും, വനിതാ കമ്മിഷനും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും ജില്ലാ പൊലീസ് മേധാവിമാർക്കും, വിദേശകാര്യമന്ത്രാലയത്തിനും അടക്കം പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് ഇയാളുടെ ഭാഗത്തു നിന്നും യുവതിയ്ക്കുണ്ടായതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയത് കൂടാതെ, യുവതിയുടെ സ്വർണാഭരണങ്ങളും പണവും പ്രതി തട്ടിയെടുത്തതായും പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്നു പ്രതി ഒളിവിൽ പോയി. പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചതായി കീഴ് വായ്പൂർ പൊലീസ് അറിയിച്ചു.