യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ പ്രതികളുടെ റാങ്കുകൾ 1,6, 28, പി.എസ്.സിയും സംശയമുനയിലോ? സോഷ്യൽ’ മീഡിയയിൽ ചർച്ചയായി പ്രതികളുടെ പോലീസ് റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിപ്പെരുക്കേൽപ്പിച്ച കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കൾക്ക് പോലീസ് എഴുത്തു പരീക്ഷയിൽ ഉയർന്ന റാങ്കുകൾ ലഭിച്ചതും അതിക്രമങ്ങളോടൊപ്പം ചർച്ചയാവുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നത്.
അവയിലൊന്നിൽ ഇങ്ങനെ പറയുന്നു:
ഒരാഴ്ച മുൻപാണ് പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. അതിൽ കാസർകോട് ബറ്റാലിയനിൽ ഒന്നാം റാങ്ക് ശിവരഞ്ജിത്ത്, രണ്ടാം റാങ്ക് പ്രണവ്, 28 ആം റാങ്ക് നസീം എന്നിവർക്ക് ലഭിച്ചു. ഇന്നലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും
എഴുത്ത് പരീക്ഷയിൽ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാർക്കാണ്. പ്രണവ് ആകട്ടെ 78 മാർക്കും. ഇയാൾ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്.കേരളത്തിലെ എല്ലാ ബറ്റാലിയൻ കൂടെ നോക്കിയാലും ഇവർ രണ്ട് പേരുമാണ് മുന്നിട്ട് നിൽക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങൾ പരീക്ഷ എഴുതിയതാണെന്നു ഓർക്കണം
നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്.അക്രമംനടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾറൂമിൽനിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാൻ പോലീസ് തയ്യാറായത്. കേസിൽനിന്ന് ഒഴിവാക്കാനും വൻ സമ്മർദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാൾ എത്താറുണ്ട്. മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളിൽ വാർത്തവന്നതോടെയാണ് അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായത്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ സജീവമായത്.
അക്രമ രാഷ്‌ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവർക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നൽകുന്നു. ഈ പരീക്ഷ എഴുതിയവർക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുൻപ് ഒരു പരീക്ഷയിലും മികവ് കാട്ടാത്ത ഇവർക്ക് എങ്ങനെ 78 മാർക്ക് വാങ്ങിക്കാൻ കഴിഞ്ഞു. കാസർകോട് ബറ്റാലിയനിൽ എഴുത്ത് പരീക്ഷയിൽ മൂന്നാമത്തെ ഉയർന്ന മാർക്ക് നേടിയ ആൾക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങൾ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാർക്കാണ് വ്യത്യാസം വരുക. പി. എസ്.സിയുടെ ഏത് റാങ്ക്ലിസ്റ്റ് പരിശോധിച്ചാലും നിങ്ങൾക്ക് അതു മനസിലാവും
ഇവർ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജിൽ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ പി.എസ്.സി യിൽ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് വ്യക്തം)
ഒരാളെ ഗൂഡാലോചന നടത്തി കൊലപ്പെടുത്താൻ ശ്രമിച്ചവർക്ക് എങ്ങനെയാണ് ഇത്ര ക്ഷമയോടെ പഠിച്ചു ഉയർന്ന റാങ്ക് വാങ്ങാൻ കഴിയുക?? അല്ലെങ്കിൽ ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുളള ഒരു പ്രവൃത്തി ചെയ്യാൻ കഴിയുക??
ലക്ഷക്കണക്കിന് ആളുകൾ വർഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്ലിസ്റ്റിൽ എങ്കിലും ഇടം നേടുക. അവിടെയാണിവർ പാർട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേർ ജോലിയിൽ കയറിയിട്ടുണ്ടാവും
പി.എസ്.സി 100% സുതാര്യമാവണം അല്ലെങ്കിൽ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തിൽ ഇത് ചർച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം .