തിരുവനന്തപുരം:പൂര്‍ണ്ണസമയ ജോലി സന്നദ്ധരായി തയാറായിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം സര്‍ക്കാര്‍. ടെക്‌നിക്കല്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും സേവനസജ്ജരായിരിക്കാനാണ് നിര്‍ദേശം. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ സ്‌പെഷല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭിക്കും.
വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫിസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഡോ. ദിവ്യ വി.ഗോപിനാഥ്, വൈഭവ് സക്‌സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചൈത്ര തെരേസ ജോണിന് കോഴിക്കോട് വിമാനത്താവളത്തിന്റെയും യതീഷ് ചന്ദ്ര, ആര്‍. ആനന്ദ് എന്നിവര്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതലയും നല്‍കി. നാല് വിമാനത്താവളങ്ങളിലെയും ചേര്‍ന്നുള്ള ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.