ഇൻഡോർ: അഞ്ചുമാസമായി മധ്യപ്രദേശ് പോലീസിനെ വലച്ച റാഗിങ് പരാതിയില്‍ പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത് പോലീസ് ഉദ്യോഗസ്ഥയുടെ ‘രഹസ്യ ഓപ്പറേഷന്‍’. സാന്യോഗിതാഗഞ്ച് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ശാലിനി ചൗഹാനാണ് വിദ്യാര്‍ഥിനിയാണെന്ന രീതിയില്‍ മെഡിക്കല്‍ കോളേജ് കാന്റീനില്‍ കറങ്ങിനടന്ന് പ്രതികളെ കണ്ടെത്തിയത്. ഏകദേശം മൂന്നുമാസത്തോളം സമയമെടുത്താണ് 24-കാരിയായ പോലീസ് ഉദ്യോഗസ്ഥ കേസുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങള്‍ കണ്ടെത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂലായ് മാസത്തിലാണ് ഇന്ദോറിലെ എം.ജി.എം. മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നതായുള്ള ‘അജ്ഞാത പരാതി’ പോലീസിന് ലഭിച്ചത്. ചില വാട്‌സാപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യാനായി വിളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. ഇതോടെ പോലീസ് സംഘം കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയംകാരണം വിദ്യാര്‍ഥികളാരും വിവരങ്ങള്‍ കൈമാറിയിരുന്നില്ല. പരാതി നല്‍കിയ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ നയമനുസരിച്ച് ഇത് കൈമാറാന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് മെഡി. കോളേജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും രഹസ്യ ഓപ്പറേഷനായി പ്രത്യേകസംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചത്.
എസ്.ഐ. സത്യജീത് ചൗഹാന്‍, ഓഫീസര്‍ ഇന്‍-ചാര്‍ജ് തഹ്‌സിബ് ഖ്വാസി എന്നിവരായിരുന്നു അന്വേഷണസംഘത്തെ നയിച്ചത്. ആദ്യഘട്ടത്തില്‍ എസ്.ഐ സത്യജീത് ചൗഹാന്‍ കാമ്പസിലും പരിസരത്തും മഫ്തിയില്‍ കറങ്ങി വിവരങ്ങള്‍ ശേഖരിച്ചു. ചില വിദ്യാര്‍ഥികള്‍ക്കെതിരേ തെളിവുകളും ശേഖരിച്ചു. എന്നാല്‍ നിരവധി കുട്ടികള്‍ പഠിക്കുന്ന കോളേജില്‍നിന്ന് ഇവരെ തിരിച്ചറിയുകയെന്നത് വെല്ലുവിളിയായി. ഇതോടെയാണ് കോളേജ് കാമ്പസില്‍ രഹസ്യമായി അന്വേഷണം നടത്താന്‍ ശാലിനിയെ അയക്കാന്‍ തീരുമാനിച്ചത്.
മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പോലെ വേഷം ധരിച്ചാണ് 24-കാരിയായ ശാലിനി എല്ലാദിവസവും മെഡി. കോളേജിലെ കാന്റീനില്‍ എത്തിയിരുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിയെപ്പോലെ വസ്ത്രം ധരിച്ച് ബാഗുമായി നടക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആര്‍ക്കും സംശയം തോന്നിയില്ല. കാമ്പസിലെ വിദ്യാര്‍ഥികളും ശാലിനി അതേ കോളേജില്‍ പ്രവേശനം നേടിയ പുതിയ വിദ്യാര്‍ഥിനിയാണെന്നാണ് കരുതിയത്. തുടര്‍ന്ന് മൂന്നുമാസത്തോളം കോളേജ് കാന്റീന്‍ കേന്ദ്രീകരിച്ച് ശാലിനി വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ഥികളുമായി ചങ്ങാത്തം സ്ഥാപിച്ച് കോളേജിലെ റാഗിങ് സംബന്ധിച്ച് ഒട്ടേറെവിവരങ്ങളാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് ലഭിച്ചത്. ഇവരെ സഹായിക്കാനായി മറ്റ് രണ്ട് പുരുഷ പോലീസ് ഉദ്യോഗസ്ഥരും കാമ്പസിലുണ്ടായിരുന്നു.
കാമ്പസിലെ ആണ്‍കുട്ടികളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് റിങ്കു, സഞ്ജയ് എന്നീ പോലീസുകാര്‍ ശാലിനിയ്ക്ക് കൈമാറിയിരുന്നത്. തുടര്‍ന്ന് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കുക എന്നതും ശാലിനിയുടെ ചുമതലയായിരുന്നു.
വിദ്യാര്‍ഥികളെ നിരന്തരം നിരീക്ഷിച്ചും മറ്റുവിവരങ്ങള്‍ ശേഖരിച്ചും ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്ന 11 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം പെരുമാറ്റം വളരെ നിഷ്ഠൂരമാണെന്ന് ദിവസങ്ങള്‍നീണ്ട നിരീക്ഷണത്തിലൂടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മനസ്സിലായി.
ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യാനായി പ്രത്യേക വിഭാഗമുണ്ടെന്നും വ്യക്തമായി. കോളേജിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്നവരെ ഹോസ്റ്റലില്‍ താമസിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് ഇരയാക്കുന്നതെന്നും ഡേ സ്‌കോളേഴ്‌സിനെ റാഗ് ചെയ്യുന്നത് ഡേ സ്‌കോളേഴ്‌സായ സീനിയേഴ്‌സ് ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലൈംഗികവൈകൃതങ്ങള്‍ക്കടക്കം ഇവര്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ഇരയാക്കിയിരുന്നതായും വ്യക്തമായി. തുടര്‍ന്നാണ് ജൂനിയേഴ്‌സിനെ റാഗ് ചെയ്യുന്ന 11 സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയത്.
നോട്ടീസ് നല്‍കിയ 11 വിദ്യാര്‍ഥികളില്‍ ഒമ്പതുപേരും മധ്യപ്രദേശ് സ്വദേശികളാണെന്ന് ഇന്‍സ്‌പെക്ടര്‍ ഇന്‍-ചാര്‍ജ് തഹ്‌സീബ് ഖ്വാസി അറിയിച്ചു. ഒരാള്‍ ബംഗാള്‍ സ്വദേശിയും മറ്റൊരാള്‍ ബിഹാര്‍ സ്വദേശിയുമാണ്. ഒരാളുടെ പിതാവ് പോലീസുകാരനാണ്. മറ്റുള്ളവരുടെ മാതാപിതാക്കള്‍ അധ്യാപകരും ടെക്കികളും കര്‍ഷകരുമെല്ലാമാണ്. റാഗിങ് കേസില്‍ നോട്ടീസ് നല്‍കിയ 11 പേരെയും അധികൃതര്‍ ഹോസ്റ്റലില്‍നിന്നും കോളേജില്‍നിന്നും മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.