ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. ക്രൈംബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന പോലീസുകാരനാണ് മരിച്ചതെന്ന് ഡിസിപി സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം രണ്ടായി. 450ല്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 196 പേര്‍ രോഗമുക്തരായി.
അതേസമയം ലോക്ഡൗണ്‍ ഇളവിനിടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 8,380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,82,146 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ച് മരിച്ചത് 193 പേരാണ്. 5,164 പേര്‍ക്ക് ആകെ ഇതേവരെ ജീവന്‍ നഷ്ടമായി. അഞ്ചാംഘട്ടത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് രാജ്യത്ത് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.