കൊല്ലം: കരുനാഗപ്പള്ളി സിഐ ഗോപകുമാറിന് സസ്‌പെൻഷൻ. കൊല്ലത്ത് പ്രമുഖ അഭിഭാഷക കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ മർദ്ദച്ച സംഭവത്തിലാണ് സിഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മൺറോൺതുരുത്ത് സ്വദേശിയായ അഡ്വ. പനമ്പിൽ എസ് ജയകുമാറിനാണ് മർദ്ദനമേറ്റത്. ഈ സംഭവത്തിൽ കൊല്ലം ബാർ അസോസിയേഷന്റെ പരാതിയിൽ ഡി.ഐ.ജി. നിശാന്തിനി ഐപിഎസിന് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. നിശാന്തിനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മർദ്ദനത്തിൽ സിഐയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. മദ്യപിച്ചു വാഹനമോടിച്ച് ഗതാഗത തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് അഡ്വ. ജയകുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലോക്കപ്പിലിട്ട അഭിഭാഷകനെ മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടക്കം ക്രൂര മർദ്ദനം ഏറ്റ് ഗുരുതരമായി പരുക്കേറ്റ ജയകുമാർ കൊല്ലത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് അഡ്വ. ജയകുമാർ ആരോപിച്ചത്. കൊല്ലം സബ് കോടതി പരിഗണിക്കുന്ന ഒരു കേസിൽ ആരോപണ വിധേയനായ എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആസൂത്രിതമായി മർദ്ദിച്ചെന്നായിരുന്നു ആരോപണം. മണൽക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഒട്ടേറെ കേസുകളിൽ ആരോപണ വിധേയനാണ് ഈ ഉദ്യോഗസ്ഥനെന്ന് അഭിഭാഷകർ ആരോപിച്ചിരുന്നു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബാർ അസോസിയേഷൻ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാഴ്‌ച്ചയോളമായി കോടതിബഹിഷ്‌കരണ സമരത്തിലായിരുന്നു അഭിഭാഷകർ. ഈ സമരം ശക്തമാക്കിയതോടെയാണ് സസ്‌പെൻഷൻ നടപടികളിലേക്ക് അഭിഭാഷകർ നീങ്ങിയത്. ശനിയാഴ്ച തിരുവനന്തപുരം, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, പരവൂർ കോടതികളിൽനിന്നുള്ള അഭിഭാഷകരും കൊല്ലത്തെത്തി സമരത്തിന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് വൻ പ്രകടനം നടത്തിയിരുന്നു.
സിവിൽ സ്റ്റേഷൻ ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അഭിഭാഷകർ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. കൊല്ലം അഭിഭാഷക ക്‌ളാർക്ക് അസോസിയേഷനും ഐക്യദാർഢ്യംപ്രഖ്യാപിച്ച് പ്രകടനം നടത്തി. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്താതെ അഭിഭാഷകനെ വിലങ്ങുവെച്ച് ലോക്കപ്പിലടയ്ക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
ഇതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ 12 മുതൽ കോടതിബഹിഷ്‌കരണ സമരം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒത്തുതീർപ്പുചർച്ച നടന്നിരുന്നു. മുൻപും പലതവണ കരുനാഗപ്പള്ളി സിഐക്കെതിരെ പരാതി ഉയർന്നിരുന്നു. എസ്എൻഡിപി ശാഖ സെക്രട്ടറിയെ മർദ്ദിച്ചുവെന്നത് അടക്കമുള്ള പരാതി ഉയർന്നിരുന്നു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി അശോക് കുമാറിനെ കമ്മീഷണർ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ഇത് അംഗീകരിക്കില്ലെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും അഭിഭാഷകർ നിലപാടെടുത്തതോടെയാണ് സംഭവത്തിൽ ഡിഐജിതല അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ സസ്‌പെൻഡ് ചെയ്തിരുന്നത്.
അതിനിടെ അഭിഭാഷകരുമായുള്ള തർക്കത്തിൽ സൈബറിടത്തിൽ അടക്കം കരുനാഗപ്പള്ളി സിഐക്ക് അനുകൂലമായ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. കുട്ടൻ തമ്പുരാൻ എന്ന് വിളിപ്പേരിട്ടു കൊണ്ടായിരുന്നു സിഐയുടെ ഫാൻസുകാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു.