കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന പരാതിയുമായി സി.പി.എം. നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷൻ. അരവിന്ദാക്ഷൻ്റെ പരാതിയില്‍ പോലീസ് ഇ.ഡി. ഓഫീസിലെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇ.ഡി. ഓഫീസിലെത്തിയത്.
പ്രാഥമിക പരിശോധനയ്ക്കായാണ് കൊച്ചിയിലെ സെന്‍ട്രല്‍ സി.ഐ. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. തന്നെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്നതാണ് അരവിന്ദാക്ഷന്റെ പരാതി. ആ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി പോലീസ് തീരുമാനിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തുക. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.
കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസിന് നിയമോപദേശം തേടേണ്ടി വരും. നേരത്തെ സ്വര്‍ണക്കടത്ത് കേസിലുള്‍പ്പടെ ഇത്തരത്തിലുള്ള പരാതികള്‍ ഇ.ഡിയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ആ പരാതിയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു.