കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തുന്നു. പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്.
ജില്ല ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാനൽ ഓഫീസിൽ പരിശോധന നടത്തുന്നത്. വെള്ളയിൽ, നടക്കാവ് സിഐമാരുടെ നേതൃത്വത്തിൽ വലിയൊരു പൊലീസ് സംഘമാണ് കോഴിക്കോട് ഓഫീസിൽ ഇന്ന് രാവിലെ 10.45-ഓടെ എത്തിയത്.
കോഴിക്കോട് ലാൻഡ് റവന്യൂ തഹസിൽദാർ സി. ശ്രീകുമാറും സംഘത്തിലുണ്ട്. സെര്‍ച്ച് വാറണ്ടില്ലെന്നും പൊലീസിൻ്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് എന്നാണ് അസി. കമ്മീഷണര്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നതായി ചാനൽ വ്യക്തമാക്കി.
എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയ്യറാക്കിയെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് വെള്ളയിൽ പോലീസാണ് കേസെടുത്തത്.പോക്സോ, വ്യാജരേഖ ചമയ്ക്കൽ ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.