കൊച്ചി: എറണാകുളം വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകക്കെടുത്ത ജൻസനെ മുഖ്യ പ്രതിയാക്കിയായിരിക്കും പൊലീസ് കേസെടുക്കുക. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറെൻസിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലം പരിശോധിക്കും.
പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിരുന്നോയെന്നതടക്കമുള്ള വിശദമായ പരിശോധയും ഇന്ന് നടക്കും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച ഡേവിസിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ ആണ് ഇന്നലെ വൈകുന്നേരത്തോടെ പൊട്ടിത്തെറി ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു.
ഉഗ്രസ്ഫോടനമാണ് ഉണ്ടായത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്