സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ചവിട്ടിയും ലാത്തിക്കടിച്ചും പോലീസിന്റെ നരനായാട്ട്
തിരുവനന്തപുരം: വര്‍ക്കലയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്ക് നേരെ പോലീസിന്റെ നരനായാട്ട്. വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി സുധീഷിനാണ് പോലീസിന്റെ ക്രൂരമര്‍ദനമേറ്റത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വളപ്പിനു പുറത്ത് സുധീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചിരുന്നു. അധ്യാപകര്‍ പറഞ്ഞിട്ടും അവര്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തിയില്ല എന്നുകാട്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് സ്‌കൂള്‍ ക്യാംപസില്‍ വച്ച് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തി വീശുകയും പിന്നീട് സുധീഷിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വര്‍ക്കല എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിനിരയാക്കിയത്. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പോലീസ് ഇവിടെനിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടു പോലീസുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് സുധീഷിനെ ആശുപത്രിയില്‍ നിന്ന് പോലീസ് ജീപ്പിലേക്ക് കയറ്റുന്നത്. ഇതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കേരള സംസ്ഥാന കബഡി ടീമില്‍ അംഗമായ വിദ്യാര്‍ഥിക്കു നേരെ ആയിരുന്നു പോലീസിന്റെ ആക്രമണം. നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് സുധീഷിന് പോലീസുകാരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. ഇതോടെ മീറ്റില്‍ പങ്കെടുക്കാനുള്ള സാധ്യതകളും മങ്ങിയെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും പോലീസ് തന്നെ മര്‍ദിച്ചുവെന്ന് സുധീഷും വ്യക്തമാക്കി.