കൊച്ചി: കിറ്റക്‌സ് എംഡിയും ട്വന്‍റി 20 പാര്‍ട്ടി ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. പുത്തൻ കുരിശു പൊലീസിന്‍റേതാണ് നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡനനിരോധന നിയമപ്രകാരം ആണ് കേസ്. പ്രകോപനപരമായി പ്രസംഗിച്ചതിന് നേരത്തെ മറ്റൊരു കേസും സാബു എം ജേക്കബിനെതിരെ പൊലീസ് എടുത്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വന്‍റി 20 ഞായറാഴ്ച്ച കോലഞ്ചേരിയിൽ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്‍റെ പേരിലാണ് സാബു എം ജേക്കബിനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. പാര്‍ട്ടി പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎയും സി.പി.എം പ്രവര്‍ത്തകരായ ശ്രുതി ശ്രീനിവാസൻ, ജോഷി വര്‍ഗീസ് എന്നിവരും പരാതി നൽകിയിരുന്നു. മൂന്ന് പരാതികളാണ് ആകെ പൊലീസിന് ലഭിച്ചിട്ടുള്ളത്.
കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സാബു എം ജേക്കബ്, പിവി ശ്രീനിജിനെ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പരാതി. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരേയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബ് പ്രതികരിച്ചത്.