കൊച്ചി: വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ആശ്വാസവുമായി കേരളപോലീസ്. വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കുന്നതിലൂടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രത്യേക പോലീസ് നിരീക്ഷണം നടത്തമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ ലോക്ക്ഡ് ഹൗസ് എന്ന സൗകര്യം ഇതിനായി വിനിയോഗിക്കാം. സമൂഹമാദ്ധ്യമങ്ങിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ആളില്ലാത്ത സമയത്ത് കള്ളന്‍മാരുടേയും സാമൂഹ്യവിരുദ്ധരുടേയും അതിക്രമങ്ങളായിരുന്നു വീട് പൂട്ടി ദൂരസ്ഥലത്തേയ്‌ക്ക് യാത്ര ചെയ്യുന്നവര്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളി. ഇത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ആളില്ലാത്ത വീട് നോക്കി മോഷണം നടത്തുന്ന ഒട്ടേറെ ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് സജീവമായിരിക്കേയാണ് കേരളപോലീസ് പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കള്ളന്‍ കയറിയിരുന്നു. ഭാര്യയുടെ താലിമാലയടക്കം 50 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു അന്ന് മോഷണം പോയിരുന്നത്.
അതേസമയം പോലീസിന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് രാത്രികാല പട്രോളിംഗ് ഫലപ്രദമാക്കിയാല്‍ തന്നെ കുറ്റവാളികളുടെ എണ്ണം കുറയുമെന്നാണ് പലരുടേയും അഭിപ്രായം. പുതിയ പദ്ധതി ഇരു കയ്യും നീട്ടി സ്വീകരിച്ചവരും കുറവല്ല.