BusinessFeaturedHome-bannerNationalNews

PM Modi To Launch 5G Today:രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍ ,പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച നിര്‍വഹിക്കും. രാവിലെ 10-ന് ന്യൂഡല്‍ഹി പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരിക്കും പ്രഖ്യാപനം. തുടക്കത്തില്‍, തിരഞ്ഞെടുത്ത പ്രമുഖ നഗരങ്ങളിലായിരിക്കും അതിവേഗത ഉറപ്പാക്കുന്ന 5 ജി ടെലികോം സേവനം. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

5 ജി സ്‌പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കിയ മുകേഷ് അംബാനി (റിലയന്‍സ് ജിയോ), സുനില്‍ മിത്തല്‍ (എയര്‍ടെല്‍), രവീന്ദര്‍ ടക്കര്‍(വൊഡാഫോണ്‍ ഐഡിയ) എന്നിവരും വേദിയിലുണ്ടാകും. 5 ജി സേവനം പൊതുജനങ്ങള്‍ക്ക് എന്ന് ലഭ്യമാകും, നിരക്ക് എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

ആദ്യ ഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളുരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാകും അതിവേഗ 5 ജി ഇന്റര്‍നെറ്റ് ആരംഭിക്കുകയെന്ന് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച്ച ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് 5 ജിയുടെ റേഡിയേഷന്‍ ആഘാത ആശങ്കകളെക്കുറിച്ച് സംസാരിച്ചിരുന്നു.

5 ജിയില്‍ നിന്നുള്ള വികിരണം ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന അളവിലും വളരെ താഴെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ടെലികോം ഓപ്പറേറ്റര്‍മാരോട് അവരുടെ സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഐടി-മദ്രാസില്‍ 5 ജി ലാബ് വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടാതെ ഏകദേശം 2.5 മുതൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം വ്യവസായത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും. 3 ലക്ഷം കോടി രൂപ വലിയ നിക്ഷേപമാണ്. ഇത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഒപ്പം അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 5 ജി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടലെന്നും നേരത്ത് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

യാത്രക്കാര്‍ക്ക് 5 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിക്കഴിഞ്ഞതായി നടത്തിപ്പുകാരായ ജി.എം.ആര്‍. ഗ്രൂപ്പ്. ടെലികോം സേവന ദാതാക്കള്‍ (ടി.എസ്.പി.-ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ, വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ആസ്വദിക്കാനാവും.

നിലവില്‍, കൂടുതല്‍ വിമാനത്താവളങ്ങളും വൈ ഫൈ സംവിധാനത്തിലൂടെയാണ് യാത്രക്കാര്‍ക്ക് ആവശ്യമായ വയര്‍ലെസ് സേവനങ്ങള്‍ നല്‍കിവരുന്നത്. അന്‍ലൈസന്‍സ്ഡ് സ്‌പെക്ട്രത്തെ ആശ്രയിച്ചാണ് വൈ ഫൈ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് -ഡി.ഐ.എ.എല്‍. പറഞ്ഞു.

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും കൂടുതല്‍ വേഗതയും ആവശ്യമായി വരികയാണ്. 5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ, യാത്രക്കാര്‍ക്ക് നിലവിലെ വൈ ഫൈ സംവിധാനത്തെ അപേക്ഷിച്ച് 20 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നും ഡി.ഐ.എ.എല്‍. കൂട്ടിച്ചേര്‍ത്തു.

അതിവേഗത്തിലുള്ള ഡൗണ്‍ലോഡ്, സീറോ ബഫറിങ് ഉള്‍പ്പെടെയുള്ളവയും 5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ സാധ്യമാകും. 5 ജിയ്ക്ക് അനുയോജ്യമായ മൊബൈല്‍ ഫോണും സിം കാര്‍ഡും ഉള്ളവര്‍ക്ക് മികച്ചതും മുറിഞ്ഞുപോകാത്തതുമായ സിഗ്നല്‍ സ്‌ട്രെങ്ത് ലഭിക്കും. അതിവേഗ ഡേറ്റയും മറ്റൊരു നേട്ടമാണ്. ഡൊമസ്റ്റിക് ഡിപ്പാര്‍ച്ചര്‍ മേഖല, ടെര്‍മിനല്‍ മൂന്നിലെ ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയ, ടി 3 അറൈവല്‍ മേഖല, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്- എം.എല്‍.സി.പി. എന്നിവിടങ്ങളിലാണ് 5 ജിയ്ക്ക് യോജിച്ച സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ചില ടെലികോം സര്‍വീസ് സേവന ദാതാക്കള്‍ മാത്രമാണ് തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ 5 ജി സേവനം ലഭ്യമാക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ വരും ആഴ്ചകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡി.ഐ.എ.എല്‍. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker