പ്രളയത്തില്‍ അഛനും അമ്മയും മരിച്ചു,ലോട്ടറി വിറ്റ് പഠനം,ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു മാസത്തെ വരുമാനം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി,കണ്ണുനനയ്ക്കുന്ന കാഴ്ചകള്‍ തുടരുന്നു
കൊച്ചി:പ്രളയത്തില്‍ ദുരിതമനുഭവിയ്ക്കുന്നവര്‍ക്കായി സഹായമെത്തിയ്ക്കുന്നതില്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരിയ്ക്കുകയാണ്.സ്ഥലമായും പണമായും മറ്റു സഹായങ്ങളായുമൊക്കെ സഹജീവികളോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുകയാണ്. നന്‍മ ചെയ്യുന്നവരേക്കുറിച്ചുള്ള കഥകള്‍ ഓരോന്നായി പുറത്തുവരുന്നതിനിടെ ധനേഷ് അരവിന്ദ് എന്നയാളുടെ വ്യത്യസ്തമായ ഒരു പോസ്റ്റാണ് പ്രിയതാരം കുഞ്ഞാക്കോ ബോബന്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
5 മിനിറ്റ് മുന്നേ ഒരു കോൾ വന്നു. അറ്റൻറ് ചെയ്തപ്പോൾ ഒരു ചെറിയ പയ്യന്റെ ശബ്ദം. അവൻ പറഞ്ഞു തുടങ്ങി. “ന്റെ പേര് വിനയ്ന്നാണെ.. ചേട്ടൻ ലില്ലിയിൽ അഭിനയിച്ച ആളല്ലേ.. ഞാൻ ചേട്ടനെ ഒരു ഫങ്ഷനിൽ വെച്ചു പരിചയപ്പെട്ടിരുന്നു.. മാനന്തവാടി ഭാഗത്തേക്ക് സഹായം വേണം എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നില്ലേ.. അതു കണ്ടിട്ട് വിളിക്കുകയാണ്. എനിക്ക് സഹായിക്കണം എന്നുണ്ട്. എനിക്ക് ഭയങ്കര interest ആണേ ഇങ്ങനെ സഹായിക്കാൻ ഒക്കെ.. എന്താ ചെയ്യാ” എന്ന്..
ഭയങ്കര നിഷ്കളങ്കത നിറഞ്ഞ രസമുള്ള സംസാരം. കക്ഷി +2 കഴിഞ്ഞിരിക്കുകയാണ്. എന്നാ ഒന്ന് വിശദ്ധമായി പരിചയപ്പെടാം എന്ന് കരുതി സംസാരിച്ചു തുടങ്ങി.. എന്താ അനിയാ സഹായിക്കാൻ ഇത്ര interest..? പെട്ടന്ന് തന്നെ മറുപടി വന്നു.
“അതേ ചേട്ടാ.. ഞാൻ ഒറ്റയ്ക്കാണേ ജീവിക്കുന്നെ. അച്ഛനേം അമ്മേനെയും പണ്ടേ നഷ്ടപ്പെട്ട് പോയി. അപ്പോൾ പ്രളയത്തിൽ കുടുംബക്കാരെ നഷ്ടപ്പെട്ടവരുടെ വെഷമം എനിക്കറിയാ.. ഞാൻ ജോലി ചെയ്യണുണ്ട്. ലോട്ടറി വിൽപ്പന.. അത് വെച്ചിട്ടാ പഠിക്കുന്നെ ഒക്കെ.. ഹനുമാൻ കോവിലിന്ന് 4 നേരം ഭക്ഷണം കിട്ടും. അതോണ്ട് കുഴപ്പം ഇല്ല. ഒരു മാസത്തെ പൈസ എന്റെ കയ്യിൽ ഉണ്ട്. അത് മതിയാകോ നമുക്ക് സാധനങ്ങൾ വാങ്ങാൻ.?”
അവൻ തുടർന്നും എന്തൊക്കെയോ പറഞ്ഞു. ഞാൻ ഒന്നും കേട്ടില്ല.. കണ്ണും മനസ്സും ആകെ നിറഞ്ഞ അവസ്ഥ ആയിരുന്നു. ഫോൺ കട്ട് ചെയ്യാൻ നേരവും അവൻ പറഞ്ഞു.. “ചേട്ടാ നമുക്ക് അവരെ സഹായിക്കണേ” എന്ന്..
അനിയാ.. നിന്നെ പോലെ ഉള്ളവർ ഉള്ളപ്പോൾ നമ്മൾ എങ്ങനെ തോറ്റുകൊടുക്കാനാ.. നമുക്ക് അവരെ സഹായിക്കാംന്നേ.. പറ്റിയാൽ ഒരുമിച്ച് തന്നെ പോകാം. എനിക്ക് അനിയനെ ഒന്ന് കാണണം.. ഒന്നിച്ച് ഒരു ഫോട്ടോ എടുക്കണം ആ വലിയ മനസ്സിന്റെ ഉടമയ്ക്ക് ഒപ്പം.. ❤️
Post by Dhanesh Anand