KeralaNews

പ്ലസ് വൺ പ്രവേശനം; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, സിബിഎസ്ഇ വിദ്യാർഥിക‌ൾ കോടതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്  (Plus one admission) അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇനിയും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് സി ബി എസ് ഇ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തിയതി നീട്ടണമെന്ന ആവശ്യവുമായി ഈ വിദ്യാർഥികൾ കോടതിയിലെത്തിയിട്ടുണ്ട്. സി ബി എസ് ഇ വിദ്യാർത്ഥികൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചേക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം. അതേ സമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനോട് സംസ്ഥാന സർക്കാറിന് യോജിപ്പില്ല.

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ജൂൺ 15 നാണ് പരീക്ഷകൾ അവസാനിച്ചത്. സാധാരണ നിലയിൽ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലപ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന്‍റെ. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷാ ഫലം വൈകുന്നതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button