തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്‍റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്മെന്‍റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്.
അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റമില്ലെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കിൽ ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ (ഓണപരീക്ഷ) തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ. സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പാഠപുസ്തകത്തിൽ ചേർക്കുന്ന മലയാളം അക്ഷരമാല പതിപ്പിന്റെ പ്രകാശനമടക്കം മന്ത്രി നിർവഹിച്ചിരുന്നു. അക്ഷരമാല ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. മാതൃഭാഷാ സംരക്ഷണത്തിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. മാതൃഭാഷാ പരിപോഷണത്തിന് കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ചടങ്ങിൽ മന്ത്രി അറിയിച്ചിരുന്നു.
ചടങ്ങിൽ പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷൻ ആയിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, റവ. ഡോ. തോമസ് മൂലയിൽ, മാണി സി കാപ്പൻ എം എൽ എ, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ. റ്റി സി. തങ്കച്ചൻ, റവ. ഡോ. സി ബീനാമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തിരുന്നു.