കോവിഡ്-19 രോഗികളുടെ മരണനിരക്ക് കുറയ്ക്കാന്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) നടത്തിയ പഠനം വെളിപ്പെടുത്തി. ഇന്ത്യയിലെ എയിംസുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി വ്യാപകമായി പ്ലാസ്മ തെറാപ്പികള്‍ക്ക് തയാറെടുക്കുമ്പോഴാണ് ഐസിഎംആറിന്റെ പഠനം പുറത്തു വന്നിരിക്കുന്നത്.
കോവിഡ് രോഗമുക്തരായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ പ്ലാസ്മ തെറാപ്പി ഉപയോഗിച്ച് കോവിഡ് രോഗികളെ വിജയകരമായി ചികിത്സിച്ചിരുന്നു.
എന്നാല്‍ ഈ ചികിത്സ മരണനിരക്ക് കുറയ്ക്കുന്നതിനോ കോവിഡ് വ്യാപനത്തിന് തടയിടുന്നതിനോ അത്ര ഫലപ്രദമല്ലെന്നാണ് ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പറയുന്നത്. ഇന്ത്യയിലെ 39 ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയ 1210 കോവിഡ്19 രോഗികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. ഇവയില്‍ 10 എണ്ണം സ്വകാര്യ ആശുപത്രികളും 29 എണ്ണം ഗവണ്‍മെന്റ് ആശുപത്രികളുമാണ്.
1210 പേരില്‍ മിതമായ ലക്ഷണങ്ങള്‍ കാണിച്ച 464 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ 235 പേര്‍ക്ക് പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള ചികിത്സ നല്‍കിയപ്പോള്‍ 229 പേര്‍ക്ക് സാധാരണ ഗതിയിലുള്ള ചികിത്സയാണ് നല്‍കിയത്. 24 മണിക്കൂര്‍ ഇടവേളയില്‍ 200 മില്ലിലീറ്റര്‍ പ്ലാസ്മ ഡോസ് നല്‍കിയായിരുന്നു പഠനം. സാധാരണ ചികിത്സയെ അപേക്ഷിച്ച് മരണനിരക്ക് കുറയ്ക്കാനോ രോഗം മൂര്‍ച്ഛിക്കുന്നത് തടയാനോ പ്ലാസ്മ തെറാപ്പിക്ക് കഴിയുന്നില്ലെന്ന് ഈ രോഗികളുടെ ചികിത്സാ ഫലങ്ങള്‍ തെളിയിക്കുന്നു.
ഐസിഎംആര്‍ ഏപ്രിലില്‍ നടത്തിയ പഠനവും പ്ലാസ്മ തെറാപ്പിയെ സംബന്ധിച്ച് തൃപ്തികരമായ ഫലങ്ങള്‍ നല്‍കിയിരുന്നില്ല. എന്നിട്ടും ചില സ്വകാര്യ ആശുപത്രികള്‍ പ്ലാസ്മ തെറാപ്പി ധനസമ്പാദനത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്ന് ഈ രംഗത്തുള്ള ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കോവിഡ് ചികിത്സയ്ക്ക് പ്ലാസ് തെറാപ്പിക്ക് അനുമതി നല്‍കുന്നത് തത്ക്കാലം നിര്‍ത്തി വച്ചിരുന്നു. പ്ലാസ്മ തെറാപ്പിയുടെ കാര്യക്ഷമതയെ സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.