ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി കോട്ടയത്ത് കറങ്ങിത്തിരിഞ്ഞു; ഒടുവില്‍ രക്ഷകരായത് പിങ്ക് പോലീസ്
കോട്ടയം: ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി പോലീസ്. ഇന്നലെ രാവിലെ മണിപ്പുഴയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മണിക്കൂറുകളോളം പെണ്‍കുട്ടി വഴിയരികില്‍ കാത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിങ്ക് പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. പിങ്ക് പോലീസെത്തി പെണ്‍കുട്ടിയെ ചിങ്ങവനം പോലീസിന് കൈമാറി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ വിശ്വസിച്ച് നാടുവിട്ട് ഇറങ്ങിയത്. ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയാണ് പെണ്‍കുട്ടി എത്തിയത്.
ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ ആണ്‍ സുഹൃത്ത് തയ്യാറായില്ല. ഇതിന് ശേഷം കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടി മണിപ്പുഴയിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടി മണിക്കൂറുകളോളം ജംഗ്ഷനില്‍ തങ്ങി. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കുട്ടി വീടുവിട്ട് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പോലീസിന് ലഭിച്ചതായി വ്യക്തമായി. ഇതോടെ കുട്ടിയെ ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പോലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പോലീസ് പറഞ്ഞു