കൊച്ചി: എഴുപതാം പിറന്നാളിലെത്തിയ നടന്‍ മമ്മൂട്ടിക്ക് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഇന്നു രാവിലെയാണ് മുഖ്യമന്ത്രി മമ്മൂട്ടിയെ പിറന്നാള്‍ ആശംസ നേരാന്‍ വിളിച്ചത്. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്.ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്.
തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് പിണറായി പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസുകളുമായി ഉലകനായകന്‍ കമല്‍ഹാസനും രംഗത്ത് വന്നിരിന്നു. എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മലയാളത്തിലായിരിന്നു കമല്‍ഹാസന്റെ ആശംസ. ഉലക നായകന്‍ കമല്‍ ഹാസന്‍ മമ്മൂട്ടിക്ക് ആശംസ അര്‍പിച്ച് നടത്തിയ വീഡിയോ സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല എന്ന് വീഡിയോയില്‍ കമല്‍ഹാസന്‍ പറയുന്നു. തന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്ന് കരുതിയിരുന്നതായും പറഞ്ഞ കമല്‍ഹാസന്‍ അങ്ങനെ കരുതാനുള്ള കാരണമെന്തെന്നും വീഡിയോയില്‍ പറയുന്നു.
”നമസ്‌കാരം മമ്മൂട്ടി സര്‍,” എന്ന് വിളിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ വീഡിയോ സന്ദേശം തുടങ്ങുന്നത്. ”മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കാരണം ഞാന്‍ എന്റെ പ്രായം ഉള്ള… അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റര്‍ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു,” കമല്‍ഹാസന്‍ പറഞ്ഞു.
”ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാന്‍ വന്നതിന് ശേഷം സിനിമയില്‍ വന്നതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയില്‍ നോക്കിയാലും എന്റെ വയസ്സോ, അതില്‍ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകര്‍ക്കും എനിക്കും” കമല്‍ഹാസന്‍ പറഞ്ഞു.
‘ഈ യൗവനം ഈ ഊര്‍ജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിര്‍ന്ന പൗരന് മറ്റൊരു മുതിര്‍ന്ന പൗരനില്‍ നിന്ന് എല്ലാ ആശംസകളും. ‘ എന്നു പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.