തിരുവനന്തപുരം: തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും.
2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. ഗവർണർ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. എ.ആർ.റഹ്മാൻ, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്.ചിത്ര, സുജാത,എംജി ശ്രീകുമാർ തുടങ്ങിയ പ്രശസ്തരായ 52 കലാകാരൻമാർ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.
കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിരുന്നു. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ.
സത്യപ്രതിജ്ഞാച്ചടങ്ങ് സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി