തിരുവനന്തപുരം: ക്യാപ്റ്റന്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റന്‍ വിളിയില്‍ പാര്‍ട്ടി നേതാവിനോടാണ് ജനങ്ങളുടെ സ്‌നേഹ പ്രകടനം, വ്യക്തിയോടല്ല. സ്‌നേഹ പ്രകടനങ്ങള്‍ ആരും സൃഷ്ടിച്ചതല്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആവേശ പ്രകടനങ്ങള്‍ കൊണ്ട് തന്റെ രീതി ഒരിക്കലും മാറില്ല. വ്യക്തിപൂജ വിവാദത്തില്‍ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു വാചകം പോലും തെറ്റല്ല. എന്നാല്‍ ഇതൊക്കെ വിവാദമാക്കുന്ന മാധ്യമങ്ങളെ ആരോ വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പി. ജയരാജന്‍ പറഞ്ഞപോലെ എല്‍ഡിഎഫിന് ജനസ്വീകാര്യത കൂടിയപ്പോള്‍ വലതുപക്ഷം അസ്വസ്ഥരായിരിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ വിമര്‍ശനവുമായി പി. ജയരാജന്‍ രംഗത്ത് വന്നിരിന്നു. പാര്‍ട്ടിയാണ് യഥാര്‍ഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നുമാണ് ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പിണറായിക്ക് ക്യാപ്റ്റന്‍ വിശേഷണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ വിമര്‍ശനം.
വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്. ജനങ്ങള്‍ പലതരത്തിലും സ്നേഹം പ്രകടിപ്പിക്കും. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ, വ്യക്തിപൂജ വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട നേതാവാണ് പി. ജയരാജന്‍. ജയരാജനെ പുകഴ്ത്തി പാട്ടിറക്കിയതാണ് നടപടിക്ക് കാരണമായിരുന്നത്.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല.
സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.
അതേസമയം വിമര്‍ശനത്തില്‍ മലക്കം മറിഞ്ഞ് പി. ജയരാജന്‍ പിന്നീട് രംഗത്ത് വന്നിരിന്നു. പിണറായിയെ ‘ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചത് മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയതെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം. പിണറായി തന്നെയാണ് ടീം ലീഡര്‍. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയതെന്നും ജയരാജന്‍ വ്യക്തമാക്കി.
അതേസമയം ‘ക്യാപ്റ്റന്‍’ വിവാദം മുറുകുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി എ.കെ. ബാലന്‍ രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്നോ സഖാവെയെന്നോ ആളുകള്‍ വിളിച്ചോട്ടെ. അതില്‍ എന്താണ് വിവാദമെന്നും ബാലന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ താന്‍ വിളിക്കുന്നത് വിജയേട്ടന്‍ എന്നാണ്. ആളുകള്‍ക്ക് സ്‌നേഹംകൊണ്ട് എന്തെല്ലാം പേരുകള്‍ വിളിക്കാമെന്നും ബാലന്‍ പറഞ്ഞു.