കോഴിക്കോട്: സബ്ജക്ട് മിനിമം നയത്തിൽ ബാലസംഘത്തെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സബ്ജക്ട് മിനിമം നടപ്പാക്കാനുള്ള നീക്കത്തെ ബാലസംഘം എതിര്‍പ്പ് അറിയിച്ചിരുന്നു.
കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കുട്ടികൾക്ക് കഴിയണം. മൂന്നും നാലും സമം ഏഴ് എന്നതിന് പകരം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം. വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ ശരാശരിയുടെ പിന്നിൽ നിൽക്കേണ്ടവരാണോ നമ്മൾ. എല്ലാ ഘട്ടത്തിലും നമ്പർ വൺ എന്നല്ലേ നമ്മൾ അവകാശപ്പെടാറ്. ചില കാര്യങ്ങളിൽ പിറകിലാണെങ്കിൽ, പിറകിലാണെന്ന് മനസ്സിലാക്കിയാലേ അത് പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ കോളേജിലും പ്രൊഫഷണൽ രംഗത്തും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ. ഓൾ പ്രൊമോഷൻ എന്ന നയം വന്നതോടെ പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസാകുമെന്ന നില വന്നു. മികച്ച നിലവാരത്തോടെ എല്ലാവരെയും ജയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ആ നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.