കൊല്ലം: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്.
നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വീണ്ടും ബിജെപി അധികാരത്തിൽ വരരുത് എന്ന വികാരം ശക്തമാണ്. ബിജെപിക്കെതിരെ അണിനിരത്താൻ ആകുന്നവരെ ഒന്നിച്ച് നിർത്തുക. കോൺഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടത്.
രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.