പാലക്കാട്: കോണ്‍ഗ്രസിലെ അതൃപ്തി പരോക്ഷമായി വെളിപ്പെടുത്തി പാലക്കാട്ടെ മുതിര്‍ന്ന നേതാവ് എവി ഗോപിനാഥ്. വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രസംഗിച്ചു. പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് വീണ്ടും രാഷ്ട്രീയ വിവാദത്തിന്റെ വേദിയായത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് വിട്ട് സിപിഎം പക്ഷത്തെത്തിയതാണ് കെവി തോമസ്. സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളെയും പോലെ, എന്തിനേറെ പറയുന്നു എന്റെ ആത്മ സുഹൃത്തായ കെവി തോമസിനെ പോലെ വികസന കാര്യത്തില്‍ തങ്ങളും സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രസ്താവന. മുഖ്യമന്ത്രിയെ സാക്ഷിയാക്കിയായിരുന്നു ഗോപിനാഥിന്റെ പ്രസംഗം. വേദിയില്‍ ഉണ്ടായിരുന്ന ഇടത് എംഎല്‍എ സുമോദിനെയും മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലനെയും പേരെടുത്ത് പ്രശംസിച്ചായിരുന്നു ഗോപിനാഥിന്റെ വാക്കുകള്‍.
സ്മാരകം ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ മുഖ്യമന്ത്രി സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് സംസാരിച്ചത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തിതാത്പര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ പുരോഗതിയാണ് വേണ്ടത്. അതിന് വികസനം വരണം. വികസന കാര്യത്തില്‍ എ വി ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ്. ആ സഹകരണം കൂടുതല്‍ ശക്തമാക്കണമെങ്കില്‍ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യുഡിഎഫ് വികസനം മുടക്കികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ റോഡ് വികസനം ശാശ്വത വഴിയല്ലെന്ന് പിണറായി പറഞ്ഞു. വാഹനം കൂടിയാല്‍ പ്രതിസന്ധി ഉണ്ടാകും. പുതിയ കാലത്തിന് അനുസരിച്ചു മാറാന്‍ തയ്യാറാവണം. വേഗത്തില്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങള്‍ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.
എല്‍ഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാന്‍ പാടില്ലത്രേ. അതാണ് ഇപ്പോള്‍ യുഡിഎഫ് പറയുന്നത്. യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എല്‍ഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളില്‍ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പമുണ്ടെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയില്‍ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവര്‍ എവി ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.