പാലക്കാട്: ചിലയിടങ്ങളിൽ പൊലീസിൽനിന്നു മോശം പെരുമാറ്റം ഉണ്ടാകുന്നതായി പരാതികളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതു മാറ്റാനുള്ള നടപടി ആരംഭിച്ചു. അതിന്റെ ഭാഗമായി ആദ്യം ഇന്റലിജൻസിൽ വിപുലമായ മാറ്റങ്ങൾ വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരവകുപ്പിനു വീഴ്ച പറ്റുന്നതായും പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര പിഴവുകൾ ഉണ്ടായതായും കൊല്ലം സമ്മേളനത്തിലും വിമർശനമുയർന്നു. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നു മുൻ എംഎൽഎ പി. അയിഷാ പോറ്റി ഉൾപ്പെടെയുള്ളവർ ആദ്യദിവസത്തെ ചർച്ചയിൽ വിമർശിച്ചതിന്റെ തുടർച്ചയായിരുന്നു ഇന്നലെയും.
ആർഎസ്എസിനു വേണ്ടിയുള്ള ‘ഫ്രാക്ഷൻ വർക്ക്’ ആണു പലയിടത്തും പൊലീസ് നടത്തുന്നതെന്നും ബിജെപിക്കാരെ ഉൾപ്പെടെ തൃപ്തിപ്പെടുത്താനാണു ശ്രമമെന്നുമായിരുന്നു വിമർശനം. പൊലീസിനെതിരെ വ്യാപകമായ പരാതിയുണ്ടെങ്കിൽ പാർട്ടി ശക്തമായി ഇടപെടുമെന്നു മറുപടി പറയവെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികൾക്ക് ഉറപ്പു നൽകി.
സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പോലീസിനും മുൻ എം. എൽ. എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്കുമെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികൾ വിമർശനമുയർത്തിയത്. സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു.
പോലീസിന്റെ സമീപനം ശരിയല്ല. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും വിമർശനമുയർന്നു.
സാധാരണ മറ്റ് നേതാക്കൻമാർക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നായിരുന്നു സമ്മേളനത്തിൽ ഉയർന്ന വിമർശനം. പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങൾക്കെതിരെയും വിമർശനമുണ്ടായി. ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയിൽ പ്രാദേശിക ഘടകങ്ങളിൽ വിഭാഗീയത രൂക്ഷമായതെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്നങ്ങൾ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശ്ശേരി പട്ടാമ്പി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുയർത്തിയത്.
സംസ്ഥാന കമ്മറ്റി അംഗം എൻ.എൻ കൃഷ്ണദാസിനെതിരെയും വിമർശനമുയർന്നു. ചില നേതാക്കൾ ചിലരെ തോഴൻമാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാർട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.