തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ പ്രതിപക്ഷത്തിനു നേരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി.ടി. തോമസിന്റെ പ്രസ്താവനകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പി.ടി. തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല. തല ഉയര്‍ത്തി നില്‍ക്കാനുള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പുത്രീ വാത്സല്യത്തില്‍ മുഖ്യമന്ത്രി നാടിനെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പ്രസ്താവനയ്ക്ക് തന്റെ വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ക്ലിഫ് ഹൗസിലെ വലിയ മുറിയിലായിരുന്നു മകളുടെ വിവാഹ ചടങ്ങുകള്‍. മകളുടെ കല്യാണത്തലേന്ന് സ്വപ്ന വീട്ടില്‍ വന്നിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണ്. പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെതിരേ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ മനസുകളാണ്. ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അടിയന്തരപ്രമേയ നോട്ടീസില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ചാണ് പി.ടി. തോമസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി കള്ളക്കടത്തുകാരെ താലോലിക്കുകയാണ്. അധോലോക നായകന്‍ ആകാതിരിക്കാന്‍ ആശംസിക്കുന്നു. കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നയാള്‍ കമ്യൂണിസ്റ്റാണോ എന്നും പി.ടി. തോമസ് ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശിവശങ്കറുമായി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി അടുത്ത ബന്ധമാണ് ഉള്ളത്. ലാവലിന്‍ കാലത്ത് മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു. പിണറായി പ്രത്യേക ജനുസാണ്. അതുകൊണ്ടാണ് കള്ളക്കടത്തിനെ അദ്ദേഹം ന്യായീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.
https://youtu.be/0q8iuF08mzg