തിരുവനന്തപുരം: മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. മോന്‍സനെ ആരൊക്കെ കണ്ടു, ചികിത്സിച്ചു എന്നൊക്കെ അറിയാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കൂടുതലായി ഒന്നും ഇപ്പോള്‍ പറയാനില്ലെന്നും മോന്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് അടിയന്തര പ്രമേയമായി ഉന്നയിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മോന്‍സനെതിരേ ലോക്കല്‍ പോലീസ് നാലു കേസെടുത്തിട്ടുണ്ട്. ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. വ്യാജമായി ചെമ്പോല നിര്‍മിച്ചോയെന്ന് അന്വേഷണ പരിധിയില്‍ വരും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
പി.ടി. തോമസാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് പി.ടി. തോമസ് ആരോപിച്ചു. മോന്സണ് അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് 2019ല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഈ റിപ്പോര്‍ട്ടിന് ശേഷമാണ് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ മോന്സണ് സുരക്ഷയൊരുക്കിയത്. ഇതൊന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നും പി.ടി. തോമസ് ചോദിച്ചു. ശബരിമല ആചാരങ്ങളില്‍ ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ലോക്കല്‍ പോലീസ് നാലു കേസെടുത്തിട്ടുണ്ട്. ചെമ്പോല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ല. വ്യാജമായി ചെമ്പോല നിര്‍മിച്ചോയെന്ന് അന്വേഷണ പരിധിയില്‍ വരും.ഇക്കാര്യം അന്വേഷിക്കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.