തിരുവനന്തപുരം: അനൈക്യത്തിനും വിഭാഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് മുന്നോടിയായി ജാഥ നയിച്ച എകെജിയെ തല്ലിയ പ്രമാണിമാരുടെ കുറുവടി ഇപ്പോഴും പലരും സൂക്ഷിച്ചുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 90 വര്‍ഷം കഴിഞ്ഞിട്ടും ആ കുറുവടിയുമായി ചിലര്‍ കേരളത്തിലെ ചില വിഭാഗങ്ങളെ രാജ്യത്തുനിന്ന് തന്നെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയത വളര്‍ത്താനും സാമ്രാജ്യത്വം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ചെറുത്തു നില്‍പ്പിന് കരുത്തുപകരുന്നതാകണം ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഓര്‍മ്മ. അടികൊള്ളാനും അവകാശത്തിനായി സമരം ചെയ്യാനും പി. കൃഷ്ണപിള്ള, എകെജി, കെ. കേളപ്പന്‍ തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഗുരുവായൂരിന്റെ മണ്ണില്‍ മാനവികത പുലര്‍ന്നത്.
വരേണ്യ വര്‍ഗ്ഗവും ഭരണകൂടവും എന്ത് ചെയ്യുന്നുവെന്ന് നോക്കി നില്‍ക്കാതെ അവര്‍ നടത്തിയ സഹന സമരമാണ് ശരിയെന്നു കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെട്ട ശേഷവും ഗാന്ധിയന്‍ മൂല്യങ്ങളെ നിരാകരിക്കാനും ഗാന്ധിയന്‍ ആശയങ്ങളെ തുടച്ചു നീക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരായ കേരളീയരുടെ താക്കീതായിക്കൂടി ഗുരുവായൂര്‍ നവതി ആഘോഷങ്ങള്‍ മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.