ഹൈദരാബാദ്: രാജ്യത്ത് പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലങ്കാനയില്‍ ബിആര്‍എസ് മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ്-ബി.ജെ.പി.യിതര മതേതര ശക്തികളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഖമ്മത്ത് നടത്തിയ മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്. മതേതരത്വം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം ഭരിക്കുന്നവര്‍ തന്നെ മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ ഭരണത്തില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപെടുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബി.ജെ.പി.സര്‍ക്കാരിന്റെ കാലത്ത് നീതിന്യായ വ്യവസ്ഥക്കുപോലും രക്ഷയില്ല. കൊളീജിയത്തില്‍ കേന്ദ്രം ഇടപെടുകയാണ്. ജഡ്ജിമാരുടെ നിയമനത്തെ ചോദ്യംചെയ്യുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നു പറഞ്ഞ പിണറായി, ഇത്തരം ആപത്കരമായ ഘട്ടത്തില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഓര്‍മിപ്പിച്ചു.
പിണറായി വിജയനു പുറമേ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍, യു.പി. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെയും മുന്നില്‍ അണിനിരത്തിയാണ് പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനം കെ.സി.ആറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.