എറണാകുളം: ലഹരി ഉപയോഗഗിക്കാൻ ആശുപത്രിയിൽ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ലഹരി ഉപയോഗത്തിനായി ഗുളിക മോഷണം പോയത്. 577 ബുപ്രിനോർഫിൻ ഗുളികകൾ ആശുപത്രിയിൽ നിന്നും ആണ് മോഷ്ടിച്ചത്. ലഹരി വിമോചന ചികിത്സ നൽകുന്ന ഒഎസ്ടി സെന്ററിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ലഹരി മോചന ചികിത്സയ്‌ക്കായി ഇവിടെ എത്തുന്നവരിൽ ആരെങ്കിലുമായിരിക്കാം മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. രാവിലെ ഒഎസ്ടി സെന്ററിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയുടെ താഴ് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് അറുത്ത നിലയിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരുന്നുകൾ നഷ്ടമായതായി കണ്ടെത്തിയത്. രാത്രി ജനറൽ ആശുപത്രിയിൽ ഒട്ടേറെ സുരക്ഷാ ജീവനക്കാർ ഉണ്ടായിട്ടും മോഷണം നടന്ന വിവരം അറിഞ്ഞില്ലെന്നത് വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.