ന്യൂഡൽഹി:യുജിസിയുടെ (UGC) പുതിയ നിര്‍ദ്ദേശപ്രകാരം, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി (CGPA) നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വൈകാതെ പിഎച്ച്‌ഡി പ്രവേശനത്തിന് (PhD Admission) യോഗ്യത നേടാന്‍ കഴിയും. പിഎച്ച്‌ഡി ബിരുദം കരസ്ഥമാക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകളും മാനദണ്ഡങ്ങളും സംബന്ധിച്ച യുജിസിയുടെ കരടുരേഖ മാര്‍ച്ച് 10ന് ചേര്‍ന്ന 556-ാമത് യോഗം അംഗീകരിച്ചു.
പ്രസ്തുത രേഖ ugc.ac.in എന്ന, യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിലെ നിര്‍ദ്ദേശം പ്രകാരം, ബിരുദാനന്തര ബിരുദമുള്ള വിദ്യാര്‍ത്ഥികളെപ്പോലെ തന്നെ, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും പിഎച്ച്‌ഡി പ്രവേശനത്തിന് യോഗ്യത ലഭിക്കും. പ്രവേശന പ്രക്രിയയില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും, 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ എം ഫില്‍ കോഴ്‌സുകള്‍ നിര്‍ത്തലാക്കുകയും നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
“പിഎച്ച്‌ഡി ബിരുദം നല്‍കുന്നതിനുള്ള കുറഞ്ഞ യോഗ്യത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി യുജിസി ഒരു കരടുരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രസ്തുത രേഖ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്”, ഔദ്യോഗിക പ്രസ്താവനയിലൂടെ യുജിസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നുമുള്ള നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളുംമാര്‍ച്ച് 31നകം സമര്‍പ്പിക്കണമെന്നും യുജിസി അറിയിച്ചിട്ടുണ്ട്.
2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കോളേജുകളും സര്‍വകലാശാലകളും നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും. കോഴ്സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്‌സ് ബിരുദവും ഒപ്പം ഗവേഷണത്തില്‍ ഡിഗ്രിയും ലഭിക്കും. പിഎച്ച്‌ഡിയുടെ കുറഞ്ഞ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്‌ക്കണമെന്നും യുജിസി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, പരമാവധി കാലാവധി ആറു വര്‍ഷമായി തുടരാനാണ് നിര്‍ദ്ദേശം.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങളെന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ ജഗദിഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലൂടെ ഒന്നിലധികം വിഷയങ്ങളെ കൂട്ടിയിണക്കി ഗവേഷണം നടത്താനോ അല്ലെങ്കില്‍ അവസാന വര്‍ഷം ഒരു പ്രത്യേക വിഷയത്തില്‍ തന്നെ കേന്ദ്രീകരിച്ച് പഠനം പൂര്‍ത്തിയാക്കാനോ ഉള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച രീതിയില്‍ നാല് വര്‍ഷ ബിരുദപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിച്ച്‌ഡി പ്രവേശനത്തിനുള്ള യോഗ്യതയും നേടാന്‍ കഴിയും.
കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടുകൂടി എം.ഫില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും പിഎച്ച്‌ഡി പ്രവേശനത്തിന് യോഗ്യതയുണ്ടാകും. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET), ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (JRF) എന്നിവ പാസാവുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആകെ സീറ്റുകളില്‍ 60 ശതമാനം സംവരണം ചെയ്യാനും യുജിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ സര്‍വകലാശാലകള്‍ പ്രത്യേകമായോ പൊതുവായോ നടത്തുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. NET/JRF നേടിയ മത്സരാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാതെ നേരിട്ട് അഭിമുഖ പരീക്ഷയിലോ വൈവയിലോ പങ്കെടുത്ത് പ്രവേശനം നേടാവുന്നതാണ്.