ലണ്ടന്‍: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ആരംഭിച്ച ക്രൂഡ് വില വര്‍ധന തുടരുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബ്രെന്റ് ഇനത്തിന്റെ വില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
ക്രൂഡ് വിലയിലെ കുതിപ്പ് ഇന്ത്യയില്‍ വന്‍ ഇന്ധന വില വര്‍ധനയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പെട്രോളിന് ഒറ്റയടിക്ക് 22 വരെ കൂടിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രൂഡ് വിലയിലെ വര്‍ധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് ഗണ്യമായി ഉയര്‍ത്തും. രാജ്യത്തു വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയുമുണ്ട്.
അതേസമയം, എണ്ണ ഉത്പാദനം കൂട്ടാന്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തയാറായിട്ടില്ല. നേരത്തേ തീരുമാനിച്ച നാലു ലക്ഷം ബാരലിന്റെ അധിക പ്രതിദിന ഉത്പാദനം മാത്രമേ ഈ മാസവുമുണ്ടാകു എന്നാണ് ഒപെക് പ്ലസ് അറിയിച്ചിരിക്കുന്നത്.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും യുഎസ് വ്യാപാരികളും മറ്റും റഷ്യന്‍ ക്രൂഡ് ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയുമെന്ന ആശങ്കയില്‍, എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം ഗള്‍ഫ് മേഖലയില്‍നിന്ന് ഏപ്രിലില്‍ കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം കുറയുന്നതോടെ ഏഷ്യയ്ക്കു നല്‍കുന്ന ക്രൂഡ് വില ഏപ്രില്‍ മാസത്തില്‍ കൂട്ടാനുള്ള പദ്ധതികള്‍ ഉല്‍പാദക രാജ്യമായ സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു. ഈ ആശങ്കകളും വില കുത്തനെ കൂടാന്‍ കാരണമായി. റിഫൈനിങ് സാങ്കേതികവിദ്യയുടെ കയറ്റുമതി അമേരിക്ക നിര്‍ത്തിവച്ചതും റഷ്യയുടെ ക്രൂഡ് വിതരണത്തെ ബാധിച്ചേക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപെക് പ്ലസ് യോഗത്തില്‍ ക്രൂഡ് ഉല്‍പാദനം നിലവില്‍ കൂട്ടേണ്ടതില്ലെന്ന തീരുമാനം വന്നതോടെയാണ് ക്രൂഡ് വില 119 ഡോളറിലേക്കു കുതിച്ചു കയറിയത്. വെറും 13 മിനിറ്റു മാത്രം നീണ്ടു നിന്ന യോഗത്തില്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉല്‍പാദനം കൂട്ടുന്നതു സംബന്ധിച്ചു ചര്‍ച്ച പോലും നടന്നില്ലെന്നു ചുരുക്കം. റഷ്യ നയിക്കുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗത്തുനിന്നു മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കുന്നുമില്ല. ഒപെക് പ്ലസ് അംഗങ്ങളായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന ക്രൂഡ് വിലയില്‍നിന്നു പരമാവധി വരുമാനം നേടാനുള്ള ശ്രമത്തിലുമാണ്.
അടിയന്തരാവശ്യത്തിനുള്ള കരുതല്‍ ശേഖരത്തില്‍ നിന്ന് 600 ലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ ഐഇഎ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ യുഎസ് ഉള്‍പ്പെടെയുള്ള 31 രാജ്യങ്ങളുടെ കരുതല്‍ നിക്ഷേപം കൊണ്ടും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലുകളാണുള്ളത്. റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് അളവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ശേഖരം 12 ദിവസത്തേക്കുള്ളതു മാത്രമേ ആകുന്നുള്ളൂ. മാത്രമല്ല ഇതിനു മുന്‍പ് നവംബറില്‍ ക്രൂഡ് വില കൂടിയപ്പോള്‍ ഇന്ത്യ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം പുറത്തിറക്കിയെങ്കിലും വിപണിയില്‍ അതു വലിയ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെന്നാണ് നിരീക്ഷകരുടെ വാദം.
ഇന്ത്യ അവസാനമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയ നവംബറിലെ ശരാശരി ക്രൂഡ് വില ബാരലിന് 81 ഡോളറായിരുന്നു. മാര്‍ച്ചിലെ കണക്കെടുത്താല്‍ 102 ഡോളറും. ആകെ 20 ഡോളറിനടുത്ത് വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ റെക്കോര്‍ഡ് നിരക്കില്‍ എത്തിയ 2021 ഒക്ടോബര്‍ 26ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 86 ഡോളര്‍ ആയിരുന്നു. ലി
റ്ററിന് ഏകദേശം 5.70 രൂപയുടെ നഷ്ടമാണ് ഇന്ധന വില വര്‍ധിപ്പിക്കാത്തതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്നതെന്ന് നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു. ഇതു നികത്താന്‍ റീട്ടെയില്‍ വിലയില്‍ 9 രൂപയെങ്കിലും എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കാനാണു സാധ്യത.
എക്‌സൈസ് നികുതി ലീറ്ററിന് ഒരു രൂപയോ മൂന്നു രൂപയോ കുറച്ച്, ഇന്ധന വില ലീറ്ററിന് 58 രൂപ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. ഇന്ധനവില കൂടുന്നതോടെയുണ്ടാകുന്ന പണപ്പെരുപ്പം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് വലിയ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ മുതിരില്ലെന്നും അഭിപ്രായമുണ്ട്.