അജിത്ത് (Ajith) ആരാധകന് നേരെ തിയറ്ററിന് പുറത്ത് പെട്രോള്‍ ബോംബ് എറിഞ്ഞതായി റിപ്പോര്‍ട്ട്. അജിത്ത് നായകനായ പുതിയ ചിത്രമായ ‘വലിമൈ’ (Valimai) റിലീസിനെത്തിയ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന്റെ സമീപപ്രദേശത്തെ തിയറ്ററിനടുത്താണ് സംഭവം. നവീൻ കുമാര്‍ എന്ന ആരാധകന് നിസാര പരുക്കേറ്റതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിരാവിലെ ‘വലിമൈ’ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു നവീനടക്കമുള്ള ആരാധകര്‍. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ നവീൻ കുമാറിന് നിസാരമായി പരുക്കേല്‍ക്കുകയും ചെയ്‍തു. ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അജിത്തിന്റെ ആരാധകർ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പിടിഐയുടെ റിപ്പോര്‍ട്ട്.
ഫാൻസ് ക്ലബുകളെ അകറ്റി നിര്‍ത്തുന്ന സമീപനം സ്വീകരിച്ച നടനാണ് അജിത്ത്. ഫാൻസ് ക്ലബുകളുമായി തനിക്ക് ബന്ധമില്ലെന്ന് അജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തമിഴ്‍നാട്ടില്‍ ആരാധക പിന്തുണയില്‍ മുൻനിരയിലാണ് അജിത്തിന്റെ സ്ഥാനം. അജിത്തിന്റെ ഓരോ സിനിമയുടെ റിലീസും തമിഴ്‍നാട്ടില്‍ വലിയ ആഘോഷമായി മാറാറുമുണ്ട്.
ഇന്ന് പ്രദര്‍ശനത്തിനെത്തിയ ‘വലിമൈ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഗംഭീര ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ബൈക്ക് സ്റ്റണ്ട് രംഗങ്ങളെ കുറിച്ചും ‘വലിമൈ’ കണ്ടവര്‍ എടുത്തുപറയുന്നു. ഒരിടവേളയ്‍ക്ക് ശേഷം എത്തിയ അജിത്ത് ചിത്രം പ്രതീക്ഷകളെ ശരിവയ്‍ക്കുന്ന തരത്തിലുള്ളതാണെന്നാണ് അഭിപ്രായങ്ങള്‍.
ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലീസാണ്. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യുവൻ ശങ്കര്‍ രാജയാണ്.
കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ ‘വലിമൈ’ തീയറ്ററുകളിലേക്ക് തന്നെ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള ‘വലിമൈ’യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും ‘വലിമൈ’ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക് പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ ‘വലിമൈ’ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.
‘വലിമൈ’യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പറഞ്ഞതായി എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറയുന്നു. ദിനേശ്, പേളി മാണി, ധ്രുവൻ , ശെല്‍വ, കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, അച്യുത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എന്തായാലും അജിത്തിന്റെ പുതിയ ചിത്രം വൻ വിജയമാകുമെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.