ഏറ്റുമാനൂരില്‍ പോലീസിനുനേരെ ബോംബേറ് നാലു പ്രതികള്‍ കൂടി പിടിയില്‍,കുരുമുളക് സ്‌പ്രേയടിച്ച് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം കവര്‍ന്നതും ഇതേ ആക്രമിസംഘം
കോട്ടയം: ഏറ്റുമാനൂര്‍ പൊലീസ് പട്രോള്‍ സംഘത്തിന് നേരെ നേരെ നാടന്‍ ബോംബ് എറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം നാലു പ്രതികള്‍ കൂടി പിടിയില്‍. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദര്‍ശിനി കോളനിയില്‍ അമ്പലത്തറ സുധി മിന്‍രാജ് (19), കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ ആല്‍ബിന്‍ കെ.ബോബന്‍ (20), മാടപ്പള്ളി വീട്ടില്‍ ബിബിന്‍ ബെന്നി (18)എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയുമാണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിനിടെ പണം തീര്‍ന്നതിനെ തുടര്‍ന്ന് ചേര്‍ത്തല സ്വദേശിയായ ഓട്ടോഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ട് ഏറ്റുമാനൂര്‍ ഭാഗത്ത് എത്തി കുരുമുളക് സ്പ്രേപ്രയോഗിച്ച് 2500 രൂപ തട്ടിയെടുത്തതും ഇതേ സംഘം തന്നെയാണെന്നും പൊലീസ് സംഘം കണ്ടെത്തി. കേസില്‍ നേരത്തെ അറസ്റ്റിലായ
കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകന്‍ ഡെല്‍വിന്‍ ജോസഫ്(21) , അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത്കവല മേടയില്‍ അലക്സ് പാസ്‌കല്‍ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരില്‍ അനന്ദകൃഷ്ണന്‍ (18),
അതിരമ്പുഴ കോട്ടമുറി പ്രിയദര്‍ശനി കോളനിയില്‍ വേമ്പനമുകളേല്‍ വിഷ്ണു യോഗേഷ് (18) എന്നിവരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ ഒന്‍പത് പ്രതികള്‍ അറസ്റ്റിലായി.
കഴിഞ്ഞ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ കോട്ടമുറി കോളനിയുടെ വഴിയിലൂടെ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ചതിനെ ചോദ്യം ചെയ്തവരുടെ വീട് കയറി കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് വീണ്ടും വീടുകള്‍ ആക്രമിക്കാന്‍ പ്രതികള്‍ രണ്ട് വാഹനങ്ങളിലായി എത്തി. ഈ സമയം എതിര്‍ദിശയില്‍ നിന്നും എത്തിയ പൊലീസ് പെട്രോളിംങ് വാഹനത്തിനു നേരെ പ്രതികള്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
കേസിലെ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കയ്യിലെ പണം തീര്‍ന്നതോടെ ട്രെയിന്‍ മാര്‍ഗം ചേര്‍ത്തലയില്‍ എത്തി. ഇപ്പോള്‍ പിടിയിലായ നാലു പേരും, മറ്റൊരു പ്രതിയുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ ഏറ്റുമാനൂരിലേയ്ക്ക് പോരുകയായിരുന്നു. ഏറ്റുമാനൂരില്‍ എത്തിയ ശേഷം പ്രതികള്‍ ഓട്ടോഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഇയാളുടെ പക്കലുണ്ടായിരുന്ന 2500 രൂപ തട്ടിയെടുത്ത് നാടുവിട്ടു. തുടര്‍ന്ന് ഈ പണം തീര്‍ന്നതോടെ പ്രതികള്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തി. ഈ സമയം രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.