കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊല്ലം: പോലീസ് ഊദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പേ കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയില്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ വടശ്ശേരിക്കോണം ചാണിക്കല്‍ ചാമവിളവീട്ടില്‍ ഷിനു (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
പെണ്‍കുട്ടി ചാത്തന്നൂര്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴാണ് ഷിനു പരിചയപ്പെടുന്നത്. ഇയാളുടെ ബന്ധുവിന്റെ കൂട്ടുകാരിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഷിനു വിവാഹാഭ്യര്‍ഥനയുമായി വീട്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഈ വിവാഹത്തോട് താത്പര്യമില്ലായിരുന്നു. ഈ വിവരം വീട്ടുകാര്‍ യുവാവിനെ അറിയിച്ചു. പ്രകോപിതനായ ഷിനു ചാത്തന്നൂരില്‍വെച്ച് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടി വീട്ടിനുപുറത്ത് നില്‍ക്കുമ്പോള്‍ ഷിനു ബൈക്കില്‍ വരുന്നത് കണ്ടു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി ഭയന്ന് വീട്ടില്‍ക്കയറി കതകടച്ചശേഷം ബന്ധുവിനെ ഫോണില്‍ വിവരമറിയിച്ചു. വീടിനുചുറ്റും നടന്ന് തട്ടിവിളിച്ച ഷിനു പിന്നീട് പടവുകളിലൂടെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി വീടിനകത്തുകടന്നു. കതക് തട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇയാള്‍ ഏറെനേരം ബഹളമുണ്ടാക്കാതെ മറഞ്ഞുനിന്നു. യുവാവ് പോയെന്നുകരുതി കതകുതുറന്ന പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു. പെട്രോള്‍ കുപ്പി തട്ടിത്തെറിപ്പിച്ച് നിലവിളിച്ച് പെണ്‍കുട്ടി പുറത്തേക്കോടി.
അയല്‍വാസിയും വിവരമറിഞ്ഞെത്തിയ ബന്ധുവും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തിയശേഷം പോലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരിന്നു.