ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടിട്ടുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
അരിക്കൊമ്പന് അടിയന്തിര ചികത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണെമന്നും നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരുകളോട് തേടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആനത്താരകളേക്കുറിച്ചും ആനകള്‍ കഴിയുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനേക്കുറിച്ചും പഠിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിനും വിദഗ്ധസമിതി രൂപവത്കരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ദിവസവും പത്തു കിലോമീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്നു കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്. ആനക്ക് ചികിത്സ ആവശ്യമെങ്കിൽ നൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും ചില സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴുള്ള കാടിനു പുറത്തിറങ്ങാതിരിക്കാൻ എല്ലാ ശ്രമങ്ങളും തമിഴ്നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അതിനായി അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.