കൊച്ചി:വ്യക്തിപരമായും തൊഴില്‍പരമായുമുള്ള അധിക്ഷേപങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വിടുന്നുവെന്ന് നടന്‍ ജോജു ജോര്‍ജ്ജ്. തന്നെ ഒരു കലാകാരനായി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും എന്നിരുന്നാലും ഒരു ഇടവേളയെടുത്ത് സിനിമയില്‍ മാത്രം ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു.
ജോജുവിന്റെ വാക്കുകള്‍
ഇരട്ട എന്ന സിനിമയോട് നിങ്ങള്‍ കാണിച്ച് സ്‌നേഹത്തിന് നന്ദി. ഞാന്‍ കുറച്ച് കാലങ്ങളായി എല്ലാ മീഡിയകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാന്‍ ശ്രമിച്ചതാണ്. പക്ഷേ പിന്നേയും എന്ന ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. എന്റെ ഇന്‍ബോക്‌സില്‍ എല്ലാം കടുത്ത ആക്രമണമായി. ഞാന്‍ സിനിമയിലേക്ക് മാത്രം കുറച്ച് കാലം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
എന്നെ വെറുതെ വിടണം. ഞാന്‍ ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്‌ക്കോളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതില്‍ നിങ്ങള്‍ എന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാല്‍ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണ് നിര്‍ബന്ധമെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല. പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി- ജോജു ജോര്‍ജ്ജ് പറഞ്ഞു.
ഇരട്ടയുടെ പ്രചാരണത്തിന്റെ ഭാഗമായി സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ദുബായില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ സോഷ്യല്‍ മീഡിയകളിലെ നിരൂപണങ്ങളെ ജോജു വിമര്‍ശിച്ചിരുന്നു.
ഒരുപാടുപേരുടെ ജീവിതമാണ് സിനിമയെന്നും അത് വെച്ച് കളിക്കരുതെന്നും. സിനിമ മോശമാണെങ്കില്‍ അങ്ങനെ പറയാന്‍ പ്രേക്ഷകര്‍ക്ക് അവകാശമുണ്ടെന്നും ജോജു ജോര്‍ജ് പറഞ്ഞു.
‘സിനിമ കാണാതെയാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ഓരോന്ന് പറയുന്നത്. ഒരുത്തരവാദിത്വവുമില്ലാതെയാണിവര്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വന്ന് പറയുന്ന കാര്യങ്ങള്‍ ചെറിയ രീതിയിലൊന്നുമല്ല ബാധിക്കുന്നത്. ഒരുപാടുപേരുടെ ജീവിതമാണ് സിനിമ. അതില്‍ ആവശ്യമില്ലാതെ കയറി കളിക്കരുത്. ഞാന്‍ ഇപ്പറഞ്ഞത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല-ജോജു കൂട്ടിച്ചേര്‍ത്തു.