കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ, മുൻ ഉദുമ എംഎൽഎ കെവി കുഞ്ഞിരാമൻ എന്നിവർ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികൾക്ക് പുറമേ 10 പേരെകൂടിയാണ് സിബിഐ പ്രതി ചേർത്തത്.
ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്. 19 പേർക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേർക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് കേസ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കുറ്റമാണ് മുൻ എംഎൽഎ കെവി കുഞ്ഞിരാമനെതിരേ ചുമത്തിയത്.
കേസിൽ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. സിപിഎം പ്രവർത്തകരെ അഞ്ചുപേരെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം കുഞ്ഞിരാമൻ ഉൾപ്പെടെ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ അഞ്ചു പ്രതികളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്.