തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തുമെന്ന സൂചന നല്‍കി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ കൈയടിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്നും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്നും തോമസ് ഐസക് ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പെന്‍ഷന്‍ വര്‍ധിപ്പിച്ചത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വരുമാന കൈമാറ്റത്തിന്റെ മാതൃകയാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്. പുതിയ ധനനയം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ഇത് പരിഹരിക്കുക എന്നത് സംസ്ഥാനത്തിന് മുന്നിലുള്ള പ്രധാന കടമ്പയാണ്. അത്തരമൊരു പരിപാടിക്ക് ഈ ബജറ്റ് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി.