വാട്സാപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൊക്കെ ഒന്നിലധികം മാൽവെയർ തട്ടിപ്പ് കേസുകൾ നടത്തിയ ശേഷം യുട്യൂബിൽ കൈവെച്ചിരിക്കുകയാണ് തട്ടിപ്പ് സംഘങ്ങൾ. യൂട്യൂബ് വീഡിയോകളിലൂടെയാണ് പണി കിട്ടുന്നത്. യൂട്യൂബ് വീഡിയോകൾ സ്ക്രോൾ ചെയ്യുകയാണെങ്കിൽ, സൂക്ഷിക്കുക! ഇവയിൽ ചിലത് നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യും. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ പെന്നിവൈസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മാൽവെയർ യൂട്യൂബ് വഴിയാണ് ഹാക്കർമാർ പ്രചരിപ്പിക്കുന്നത്.
ടെലിഗ്രാം മെസെജുകൾ, സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഇക്കൂട്ടർ ചോർത്തും. ഉപയോക്താവിനെ അപകടത്തിലാക്കാൻ സാധ്യതയുള്ള 80-ലധികം വീഡിയോകൾ യൂട്യൂബിൽ കണ്ടെത്തിയ സൈബിൾ റിസർച്ച് ലാബിലെ സൈബർ ഗവേഷകരാണ് പെന്നിവൈസ് എന്ന വൈറസും കണ്ടെത്തിയത്. ഉപയോക്താക്കളുടെ ഉപകരണത്തിൽ നിന്ന് സെൻസിറ്റീവ് ബ്രൗസർ ഡാറ്റയും ക്രിപ്‌റ്റോകറൻസി വാലറ്റുകളും മോഷ്ടിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.
സൈബർ സുരക്ഷാ ഗവേഷകർ ഇത്തരം വീഡിയോകൾ കണ്ടെത്തിയിരിക്കുന്നത് ഒരേ യൂട്യൂബ് അക്കൗണ്ടിൽ നിന്ന് തന്നെയാണ്. വീഡിയോയുടെ വിവരണത്തിൽ പങ്കിട്ട ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് ഉപയോഗിച്ച് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ഒരു ഉപയോക്താവ് അപകടകരമായ ഫയൽ ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, അത് സിസ്റ്റത്തിലേക്ക് പെന്നിവൈസിനെ കടത്തിവിടുന്നു. 30-ലധികം ക്രോം അധിഷ്‌ഠിത ബ്രൗസറുകൾ, അഞ്ച് മോസില്ല അധിഷ്‌ഠിത ബ്രൗസറുകൾ, ഓപ്പേറ, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയുൾപ്പെടെ ടാർഗെറ്റുചെയ്യുന്ന വിവിധ ബ്രൗസറുകൾക്കായി പെട്ടെന്ന് പെന്നിവൈസ് മാൽവെയർ പ്രവർത്തന നിരതമാകും.
സിസ്റ്റത്തിന്റെ വിശദാംശങ്ങളിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ വരെയുള്ള വിവരങ്ങൾ മോഷ്ടിക്കാൻ ഈ മാൽവെയറിന് കഴിയും. കുക്കികൾ, എൻക്രിപ്ഷൻ കീകൾ, മാസ്റ്റർ പാസ്വേഡുകൾ, ഡിസ്കോർഡ് ടോക്കണുകൾ, ടെലിഗ്രാം സെഷനുകൾ എന്നിവപോലും ഈ വൈറസ് കണ്ടെത്തും. ക്രിപ്‌റ്റോകറൻസി വാലറ്റുകൾക്കോ ക്രിപ്റ്റോ-അനുബന്ധ ബ്രൗസർ ആഡ്-ഓണുകൾക്കോ ഉപകരണം സ്കാൻ ചെയ്യുമ്പോൾ ഇവ സ്ക്രീൻഷോട്ടുകൾ എടുക്കും. ഒരിക്കൽ ഹാക്കർമാർ എല്ലാ ഡാറ്റയും ശേഖരിച്ചുകഴിഞ്ഞാൽ അവരത് അത് ഒരൊറ്റ ഫയലിലേക്ക് കംപ്രസ് ചെയ്യും.
പെന്നിവൈസ് ആദ്യം ഇരയുടെ രാജ്യം കണ്ടെത്തും. റഷ്യ, ഉക്രെയ്ൻ, ബെലാറസ്, കസാക്കിസ്ഥാൻ എന്നിവയിലേതെങ്കിലും ആണെങ്കിലും എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായും ഈ വൈറസ് പിന്മാറും. വ്യക്തമല്ലാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലെ പരിശോധന ഒഴിവാക്കാൻ ഹാക്കർമാർ ശ്രമിക്കുന്നതായി ഇതിനു മുൻപും നിരവധി റിപ്പോർട്ടുകൾ സൂചിപ്പിച്ചിട്ടുണ്ട്.