കൊച്ചി: ഇന്ത്യൻ പ്രസിഡൻ്റാക്കാമെന്ന് പറഞ്ഞാലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പി സി ജോർജ്. ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ് എൽഡിഎഫിൽ ചേരുന്നത്. തന്നെ തല്ലിക്കൊന്ന് കുഴിച്ചിട്ടാലും അങ്ങോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് 500 രൂപയാണ് സിപിഎം നൽകിയത്. മന്ത്രി വാസവനോട് ചോദിച്ചാൽ ഇക്കാര്യത്തിലെ സത്യാവസ്ഥ അറിയാനാകും. വാസവൻ വന്നതിൻ്റെ പിറ്റേ ദിവസം മുതലാണ് പണം വിതരണം ചെയ്തത്. 22 വോട്ടുള്ള ഒരു മേഖലയിൽ ഓരോരുത്തർക്കും 5000 രൂപ വീതമാണ് വിതരണം ചെയ്തത്. പണം വാങ്ങിയവരാണ് ഇക്കാര്യം തെന്ന് അറിയിച്ചതെന്ന് പി സി ജോർജ് പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ എത്താത്ത കുടുംബശ്രീ അംഗങ്ങൾക്ക് പിഴ
കാഞ്ഞിരപ്പള്ളി കോളേജിലെ എസ്എഫ്ഐ അക്രമണത്തെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത അമേരിക്കയിലെ പരിപാടി പൊളിഞ്ഞത്. ഇവിടെ നിന്നുള്ള സന്ദേശം ലഭിച്ചതോടെ സമ്മേളനത്തിൽ നിന്നും പലരും വിട്ടുനിന്നു.
മാർക്കറ്റിൽ പോയി ഇരുമ്പ് കസേരയിട്ട് പ്രസംഗിക്കേണ്ട ഗതി കേരളത്തിൻ്റെ മുഖ്യമന്ത്രിക്കുണ്ടായി. എല്ലാ സ്ഥാനങ്ങളിലും മുസ്ലീങ്ങൾ വരണമെന്നാണ് പിണറായിയുടെ നിലപാട്. ഞാൻ പറയുമ്പോൾ വർഗീയതയായി കണക്കാക്കും, അതാണ് പറയാത്തത്. കേരളത്തിൽ എങ്ങനെ ജീവിക്കുമെന്നും പി സി ജോർജ് ചോദിച്ചു.
ജോസ് കെ മാണിക്കൊപ്പം അഞ്ച് എംഎൽഎമാരാണ് നിലവിലുള്ളത്. ഇനി എത്രപേർ കാണുമെന്നും പി സി ജോർജ് പരിഹസിച്ചു. ചക്രം കിട്ടുന്ന വകുപ്പുകൾ പിണറായിയുടെ നിയന്ത്രണത്തിലാണ്. ഫയലുകൾ പിണറായിയാണ് കാണുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളാ കോൺഗ്രസ് കാണില്ല. കേരളാ കോൺഗ്രസ് ക്രിസ്ത്യാനിക്ക് എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
കെ എം മാണിക്കും പി ജെ ജോസഫിനും എന്തേലും ഗുണം കിട്ടിയിട്ടുണ്ടാകും. മറ്റ് ക്രിസ്ത്യാനികൾക്ക് ഗുണം കിട്ടിയതായി തനിക്കറിയില്ല. എപ്പോൾ എവിടെ പോകാനും സമ്മതമുള്ളവരാണ് കേരളാ കോൺഗ്രസുകാർ. ഗുണം കിട്ടുന്ന സ്ഥലം നോക്കി അവർ ചാടും.
അത് മനസിലാക്കിയാണ് പിണറായി ഇവരെ ചുമ്മാ കൊണ്ടുനടക്കുന്നതും, ഒന്നും കൊടുക്കാത്തതും. ബിജെപിക്ക് സീറ്റ് ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അവരുടെ പ്രവർത്തനം പോലെയിരിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.