കോട്ടയം: അടുക്കളയെ നിയന്ത്രിക്കാൻ തനിക്കിപ്പോൾ ഭയം വന്നിരിക്കുന്നുവെന്ന് പഴയിടം മോഹനൻ നമ്പൂതിരി. സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ നോൺ വെജ് ഭക്ഷണത്തെചൊല്ലിയുണ്ടായ വിവാദത്തിനു ശേഷം രാത്രി അടുക്കളയ്ക്ക് കാവലിരിക്കേണ്ട സ്ഥിതിയുണ്ടായി. മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു മനസിലാക്കിയതിനിലാണ് താൻ പിന്മാറുന്നതെന്നും പഴയിടം മോഹനൻ നമ്പൂതിരി മാധ്യമങ്ങളോടു പറഞ്ഞു.
ഇതുവരെ രണ്ടേകാൽ കോടിയിലധികം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകിയിട്ടുണ്ട്. ഇപ്പോഴാണ് അനാവശ്യ വിവാദം ഉണ്ടായിരിക്കുന്നത്. സമൂഹത്തിൽ എപ്പോഴും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അത് വ്യക്തികേന്ദ്രീകൃതമാകുന്ന, ജാതി വരെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അതിനു പിന്നിൽ അജണ്ടകളുണ്ടെന്നു തനിക്കറിയാം. അടുക്കളയെ നിയന്ത്രിക്കാൻ തന്നെ തനിക്കിപ്പോൾ ഭയം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വളരെ സൗഹാർദപരമായാണ് കോഴിക്കോട്ടു നടന്ന കലോവത്സത്തിൽ ഊട്ടുപുര ഒരുക്കിയത്. ഏതുസമയത്തും ആളുകളെ സ്വാഗതം ചെയ്തു. പക്ഷേ വിവാദമുണ്ടായ ശേഷം അടുക്കള പൂർണമായും അടച്ചു, പുറത്തുനിന്നുള്ള ഒരാളെ പോലും ഉള്ളിലേക്കു കടത്തിവിട്ടില്ല. രാത്രിയിൽ ഉറങ്ങാതെ കാവലിരുന്നു. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. താൻ പിന്മാറുന്നതിനെക്കുറിച്ചല്ല, ഇത്തരത്തിലൊരു അവസ്ഥ ഉണ്ടായതാണ് ചർച്ച ചെയ്യേണ്ടത്- പഴയിടം മോഹനൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.
“നോൺ വെജ് ഭക്ഷണത്തെചൊല്ലി വിവാദമുണ്ടാകാനുള്ള സാഹചര്യം അന്വേഷിക്കണം. എത്രയും പെട്ടെന്നു പ്രതിവിധി കണ്ടെത്തണം. ഇല്ലെങ്കിൽ കേരളം പോകുന്നത് വല്ലാത്തൊരു അവസ്ഥയിലേക്കായിരിക്കും. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൽപോലും വർഗീയതയും ജാതീയതയും കുത്തിവെച്ചു ചേരിതിരിവു ഉണ്ടാക്കാനിടയായത് തെറ്റായിപ്പോയി. കലോവത്സവത്തിൻ്റെ അവസാന രണ്ടുദിവസം വല്ലാതെ പേടിച്ചുപോയിരുന്നു. രാത്രിയിൽ ആരും ഉറങ്ങിയിട്ടില്ല”.
മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ തോക്കിൻ മുനയിൽ പാചകം ചെയ്തിട്ടുണ്ട്. എന്നാലിത് അതിനെക്കാൾ ഭീകരമായ അവസ്ഥയാണ്. തൻ്റെ പേരാണോ പ്രശ്നമായതെന്ന് അറിയില്ല. മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു മനസിലാക്കിയതിനിലാണ് പിന്മാറുന്നത്. ഇത്തരത്തിലുള്ള സർക്കാരിൻ്റെ എല്ലാ പരിപാടികളിൽനിന്നു പിന്മാറുകയാണ്. സർക്കാരുമായി പ്രശ്നമില്ലെന്നും പഴയിടം കൂട്ടിച്ചേർത്തു.