മൊബൈൽ ആപ്പ് വഴി വായ്പ വാഗ്ദാനം ചെയ്ത് തെലങ്കാനയിലും വൻ തട്ടിപ്പ്. ഇതു വരെ 50 കേസുകൾ ആണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 113 ആപ്പുകൾ പ്ലേസ്റ്റോറിൽനിന്ന് നീക്കം ചെയ്യണമെന്ന് പൊലീസ് ഗൂഗിൾ അധികൃതരോട് ആവശ്യപ്പെട്ടു. ചില ആപ്പുകൾ ഇതിനകം പ്ലേസ്റ്റോർ നീക്കം ചെയ്തു. ഹൈദരാബാദ്, സൈബരാബാദ്, വാറങ്കൽ, രാജകൊണ്ട എന്നിവിടങ്ങളിലായാണ് കേസ് റജിസ്റ്റർ ചെയ്തത്.
ആപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിന് കത്തയച്ചുവെന്ന് സൈബരാബാദ് ഇൻസ്പെക്ടർ ടി. സഞ്ജയ് കുമാർ പറഞ്ഞു. 350 ആപ്പുകളാണ് ആകെ തിരിച്ചറിഞ്ഞത്. ഇതിൽ 113 എണ്ണം പ്ലേസ്റ്റോറിൽ ഉള്ളതാണ്. ബാക്കിയുള്ള ആപ്പുകളിലേക്ക് തട്ടിപ്പുകാർ നൽകിയ ലിങ്ക് ഉപയോഗിച്ചാണ് ഇരകൾ എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.